പ്രവാസികളെ സ്വീകരിക്കാൻ സജ്ജമായി കെ.എസ്.ആർ.ടി.സി
ആലപ്പുഴ: വിദേശത്തെ കൊവിഡ് ആശങ്കകളിൽ നിന്ന് രക്ഷപ്പെട്ട് നാളെ മുതൽ നാട്ടിലേക്കെത്തുന്ന പ്രവാസികളെ വരവേൽക്കാൻ സജ്ജമാണ് കെ.എസ്.ആർ.ടി.സി ബസുകളും ജീവനക്കാരും. എവിടെ എപ്പോൾ എത്തണമെന്നുള്ള നിർദ്ദേശം മാത്രം ലഭിച്ചാൽ മതി!
യാത്രക്കാർക്ക് എത്തിച്ചേരേണ്ട സ്ഥലം കണക്കിലെടുത്താവും എത്ര ബസുകൾ ഓരോ ജില്ലയിൽ നിന്നും ഉപയോഗിക്കണമെന്ന് നിശ്ചയിക്കുക. ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമാകും. പരമാവധി ലോ-ഫ്ലോർ എ.സി ബസുകൾ ഉപയോഗിക്കാനാണ് തീരുമാനം. ഡീസൽ ചെലവ് കളക്ടർമാർ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകും. തിരുവനന്തപുരം, നെടുമ്പാശേരി, കോഴിക്കോട് വിമാനത്താവളങ്ങളിലെത്തുന്ന പ്രവാസികളെ പരിശോധനയ്ക്ക് ശേഷം ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്കാണ് എത്തിക്കുക. വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്തവരെ നാട്ടിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിലോ, സർക്കാർ നിർദേശിക്കുന്ന സ്ഥലത്തെ നിരീക്ഷണ കേന്ദ്രത്തിലോ എത്തിക്കും. ഏകോപനത്തിനായി നൽകി മൂന്ന് നോഡൽ ഓഫീസർമാരെ കെ.എസ്.ആർ.ടി.സി നിയമിച്ചു.
നിലവിൽ അന്യസംസ്ഥാന തൊഴിലാളികളുടെയും ആരോഗ്യ പ്രവർത്തകരുടെയും യാത്രാ ചുമതല കെ.എസ്.ആർ.ടി.സി കൃത്യമായി നിർവഹിക്കുന്നുണ്ട്. ഇത്തരം യാത്രകളിൽ ബസിൽ ഒരു ഡ്രൈവറുടെ സേവനമേ ആവശ്യമുള്ളൂ. എന്നാൽ പ്രവാസികളെ എത്തിക്കേണ്ടത് ദൂരയാത്രയായതിനാൽ രണ്ട് ഡ്രൈവർമാരെ വീതം നിയോഗിക്കും. സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിലെയും മുഴുവൻ ജീവനക്കാരുടെയും ലിസ്റ്റ് ജില്ലാ ഭരണകൂടങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ, സന്നദ്ധരായവരെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് കണ്ടക്ടർമാരുൾപ്പെടെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. തുടർച്ചയായ ഏഴു ദിവസമാണ് പ്രവാസികൾ കേരളത്തിലേക്കെത്തുന്നത്.
പ്രതീക്ഷിക്കുന്ന യാത്രക്കാർ
മേയ് 07 - 2300, 08 - 2050, 09 - 2050, 10 - 1850, 11 - 2200, 12 - 2500, 13 - 1850
...................................................
എത്ര ബസുകളും ജീവനക്കാരും ഓരോ ഡിപ്പോയിൽ നിന്ന് വേണ്ടിവരുമെന്ന കാര്യത്തിൽ അതത് ജില്ലാ ഭരണകൂടമാണ് തീരുമാനമെടുക്കുന്നത്. കളക്ടറുടെ തീരുമാനത്തിനനുസരിച്ച് എത്ര വാഹനം വേണമെങ്കിലും നൽകാൻ കെ.എസ്.ആർ.ടി.സി തയ്യാറാണ്
(താജുദീൻ സാഹിബ്, നോഡൽ ഓഫീസർ, എറണാകുളം)
..............................
ഡ്യൂട്ടിക്ക് നിയോഗിച്ചാൽ പോകാൻ പൂർണ മനസോടെ സജ്ജമാണ്. യാത്രയ്ക്ക് സന്നദ്ധരായവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോൾ തന്നെ പേര് നൽകിയിരുന്നു
(ഐ. ഷെഫീക്ക്, കണ്ടക്ടർ)