അന്യസംസ്ഥാന തൊഴിലാളികളുമായി ആദ്യ ട്രെയിൻ ബീഹാറിലേക്ക്
ആലപ്പുഴ:അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലെ അന്യസംസ്ഥാന തൊഴിലാളികളുമായുളള ആദ്യ ട്രെയിൻ ബീഹാറിലേക്ക് ഇന്നലെ വൈകിട്ട് ആലപ്പുഴ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ടു. അമ്പലപ്പുഴ താലൂക്കിൽ നിന്നു 549, കുട്ടനാട് നിന്നു 34, മാവേലിക്കര താലൂക്കിൽ നിന്നു 557 എന്നിങ്ങനെ 1140 തൊഴിലാളികളാണ് യാത്രയ്ക്ക് തയ്യാറെടുത്തിരുന്നത്. 16 പേർ പിൻവാങ്ങിയതിനാൽ 1124 പേരാണ് മടങ്ങിയത്. ഇവരെ പ്രത്യേക കെ. എസ്. ആർ. ടി. സി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചത്. ബിഹാറിലെ ബിട്ടയ്യ സ്റ്റേഷനിലാണ് ഇവരെ എത്തിക്കുക. ബ്രെഡ്, ചപ്പാത്തി, നേന്ത്റപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടുത്തി ആവശ്യമായ ഭക്ഷണവും നൽകിയാണ് ഇവരെ യാത്രയാക്കിയത്. 930 രൂപയാണ് ടിക്കറ്റ് ചാർജ്.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചായിരുന്നു ആലപ്പുഴയിൽ നിന്നുള്ള യാത്ര. മടങ്ങിപ്പോകാൻ താത്പര്യം കാട്ടിയവരുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബർ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയിരുന്നു. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവർക്കായി കെ.എസ്.ആർ.ടി.സി ബസ് ഒരുക്കി നിർത്തി. ലിസ്റ്റിലെ ക്രമപ്രകാരമാണ് തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തിൽ ഓരോ ബസിലും കയറ്റിയത്. ഒരു ബസിൽ പരമാവധി 27 പേരാണ് ഉണ്ടായിരുന്നത്.
കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്റിച്ചു. എ.എം.ആരിഫ് എം.പി, ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ആലപ്പുുഴ നഗരസഭാ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, കയർകോർപറേഷൻ മുൻ ചെയർമാൻ ആർ.നാസർ തുടങ്ങിയവരും ഉദ്യോഗസ്ഥരും തൊഴിലാളികളെ യാത്രയാക്കാൻ എത്തിയിരുന്നു.
രണ്ടു ദിവസത്തെ ഭക്ഷണം
മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസിൽ വച്ചുതന്നെ നൽകിയിരുന്നു. ഈ ബസുകൾ നിശ്ചിത ഇടവേളകളിൽ ബീച്ചിന് സമീപം വന്ന് പാർക്ക് ചെയ്യുകയും റെയിൽവേ സ്റ്റേഷനു മുൻവശം പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്‌കിൽ നിന്ന് വിളിക്കുന്ന ക്രമത്തിൽ റെയിൽവേ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്തു. റെയിൽവേ സ്റ്റേഷനിൽ ഓരോ ബസിലും ഉള്ള തൊഴിലാളികളെ എണ്ണി പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിച്ചു. തുടർന്ന് ട്രെയിനിൽ ഇരിപ്പിടങ്ങളിൽ എത്തിക്കുകയും ചെയ്തു. അനുഗമിച്ച റവന്യു ഉദ്യോഗസ്ഥനാണ് ഇവർക്ക് ടിക്കറ്റ് കൈമാറിയത്.