ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ തൃക്കുന്നപ്പുഴ ചേലക്കാട്, കരുവാറ്റ പഞ്ചായത്തിലെ കന്നുകാലിപ്പാലം, ചേപ്പാട് പഞ്ചായത്തിലെ കരിപ്പുഴ, ചേപ്പാട് പടിഞ്ഞാറുവശം, പള്ളിപ്പാട് പഞ്ചായത്തിലെ കുരീതറ, ഇരുപതെട്ടിൽ കടവ്, ചക്കച്ചാൻ കടവ് എന്നീ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി പരിഹാരം തേടിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തൃക്കുന്നപ്പുഴ ചേലക്കാട്ടെ മോട്ടോർപമ്പ് ഹൗസ് തകരാറിലായതിനെ തുടർന്ന് പുതിയ കുഴൽ കിണർ പണിയുന്നതിനായി 8 ലക്ഷം രൂപാ എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചു. ചേപ്പാട് പഞ്ചാത്തിലെ കുടിവെള്ളപ്രശ്നപരിഹാരത്തിനായി മുട്ടം കൊച്ചുവീട്ടിൽ മുക്കിൽ പുതിയതായി നിർമ്മിച്ച ട്യൂബ് വെൽ പ്രവർത്തനക്ഷമമാക്കുന്നതിൽ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് മുറിക്കേണ്ടതിനാൽ അതിനുള്ള അനുമതി വാങ്ങാൻ ധാരണയായി. എം.എൽ.എ യുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി ലഭിച്ച ആറ് പൈപ്പ് ലൈന്‍ പദ്ധതികൾക്ക് സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ ചെയ്ത് ഉടൻ പ്രാവർത്തികമാക്കാൻ വാട്ടർ അതോറിട്ടിയോട് നിർദ്ദേശിച്ചു.