a

മാവേലിക്കര: കുട്ടംപേരൂർ ആണിക്കാമൂല കടവിന് പടിഞ്ഞാറ് വശമുള്ള കലുങ്കിന് സമീപം എക്സൈസ് നടത്തിയ പരിശോധനയിൽ 925 ലിറ്റർ കോടയും 20 ലിറ്റർ ചാരായവുമായി മൂന്നുപേർ പിടിയിൽ. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി.പ്രകാശിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ കൂട്ടംപേരൂർ ചൂരക്കാട്ടിൽ ബോബസ് (37), ചന്നയിൽ വീട്ടിൽ അനിൽ (46), കൊരട്ടിക്കാട് തേവരുപറമ്പിൽ നന്ദു (21) എന്നിവരാണ് പിടിയിലായത്.

ബോബസ് അബ്കാരി, ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി.രമേശന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ എം.കെ ശ്രീകുമാർ, ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ഐ.ഷിഹാബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.കെ.രതീഷ്, സിജു പി.ശശി, എസ്.കെ. ആഷ് വിൻ, ടി. മുഹമ്മദ് മുസ്തഫ, ഡ്രൈവർ ഡി.അശോകൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.