 ബോട്ടുകളുടെ അറ്റകുറ്റപ്പണി തുടങ്ങി

ആലപ്പുഴ : ലോക്ക് ഡൗണിനു ശേഷം ബോട്ട് സർവീസ് പുനരാരംഭിക്കുന്നതിനായി ജലഗതാഗത വകുപ്പ് ഒരുക്കങ്ങൾ തുടങ്ങി. ആറു ജില്ലകളിലായി 60 യാത്രാ ബോട്ടുകളാണ് സർവീസിനായി വകുപ്പ് ഉപയോഗിക്കുന്നത്. രോഗപ്രതിരോധത്തിനും സാമൂഹ്യ വ്യാപനം തടയുന്നതിനും കൈക്കൊള്ളേണ്ട നടപടികളെപ്പറ്റിയുള്ള വ്യക്തമായ മാർഗ നിർദ്ദേങ്ങൾ സ്റ്റേഷൻ മാസ്റ്റർമാർക്ക് ജലഗതാഗത വകുപ്പ് ഡയറക്ടർ നൽകിട്ടുണ്ട്.

ലോക്ക് ഡൗൺ കാലത്ത് അഞ്ച് ആംബുലൻസ് ബോട്ടുകൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. ഒന്നരമാസമായി യാർഡുകളിൽ കെട്ടിയിട്ടതിനാൽ ബോട്ടുകൾക്ക് ഉണ്ടായിട്ടുള്ള സാങ്കേതിക തകരാർ പരിഹരിച്ച് പെയിന്റിംഗ് ജോലികളും നടത്തും. ബോട്ടിന്റെ അടിഭാഗത്ത് പറ്റി പിടിച്ചിട്ടുള്ള ജല ജീവികളെ നീക്കം ചെയ്യുന്ന ജോലി നടക്കുകയാണ് ഇപ്പോൾ. ആലപ്പുഴ സ്റ്റേഷനിലെ മുഴുവൻ ബോട്ടുകളുടെയും അറ്റകുറ്റപ്പണി പൂർത്തീകരിച്ചു. പാണാവള്ളി, കാവാലം, നെടുമുടി, എടത്വ സ്റ്റേഷനുകളിലെ ബോട്ടുകളുടെ പണികൾ അവസാനഘട്ടത്തിലാണ്. കോട്ടയം, എറണാകുളം, കൊല്ലം, കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളിലും ബോട്ടുകളുടെ ക്ഷമതക്കുറവും തകരാറുകളും പരിഹരിച്ചു വരുന്നു. എല്ലാ ബോട്ടുകളും അണു വിമുക്തമാക്കും.

60: ആറു ജില്ലകളിലായി അറുപത് യാത്രാബോട്ടുകൾ

14 : സ്റ്റേഷനുകളിൽ ബോട്ടുകൾക്ക് അറ്റകുറ്റപ്പണി

സർവീസ് തുടങ്ങുന്നതിനുള്ള നിർദ്ദേശങ്ങൾ

 സ്റ്റേഷൻ ഓഫീസുകൾ, ജെട്ടികൾ, ടിക്കറ്റ് കൗണ്ടറുകൾ എന്നിവിടങ്ങളിൽ തിരക്ക് നിയന്ത്രിക്കും.

 ബോട്ടിലും സ്റ്റേഷനുകളിലും പോസ്റ്റർ, ലഘുലേഖകൾ പതിക്കും.

 പ്രാദേശിക ഭരണ കൂടത്തിന്റെ സഹായത്തോടെ കൈകഴുകുന്നതിന് സോപ്പ്, വെള്ളം, സാനിട്ടൈസർ എന്നിവയാത്രാ കേന്ദ്രങ്ങളിൽ സ്ഥാപിക്കും

 സുരക്ഷിത അകലം ഉറപ്പ് വരുത്തും

ഓരോ ബോട്ടിലും നിശ്ചിത യാത്രക്കാരെ മാത്രമേ കയറ്റുകയുള്ളു.

ഒന്നിട വിട്ട സീറ്റുകളിൽ മാത്രം ഇരിപ്പടം അനുവദിക്കും

ബോട്ടുകളിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കും

എല്ലാ ദിവസവും ബോട്ടുകൾ അണു വിമുക്തമാക്കും

 തിരക്ക് ഒഴിവാക്കാൻ സർവീസ് സമയത്തിൽ മാറ്റം വരുത്തും

 ജീവനക്കാർക്കും കരുതൽ വേണം

ജീവനക്കാർ ഡ്യൂട്ടി സമയങ്ങളിൽ നിർബന്ധമായും തിരിച്ചറിയൽ കാർഡും മുഖാവരണവും ധരിക്കണം. സർവീസ് ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും സാനിട്ടൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം . സർക്കാർ നിദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ആലപ്പുഴ, എറണാകുളം ട്രാഫിക് സൂപ്രണ്ടുമാർ ഉറപ്പുവരുത്തണമെന്നും ഡയറക്ടർ നിർദ്ദേശിച്ചു

"കൊവിഡ് വ്യാപനം തടയുന്നതിന് ജലഗതാഗതവകുപ്പ് പുറത്തിറക്കിയ നിർദേശങ്ങൾ യാത്രക്കാർ പൂർണമായും പാലിക്കണം. ബോട്ട് സർവീസ് നിറുത്തി വച്ചതിനെ തുടർന്ന് വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശങ്ങളിലും ദീപുകളിലും കഴിയുന്നവർ ദുരിതത്തിലായിരുന്നു

ഷാജി വി.നായർ, ഡയറക്ടർ, ജലഗതാംത വകുപ്പ്