വിശ്വാസ്യതയുടെ മുഖമുദ്ര യായി ആലപ്പുഴയിലെ വൈറോളജി ലാബ്
ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് പരിശോധന തുടങ്ങിയ ദിവസം മുതൽ 'എണ്ണയിട്ട യന്ത്രം' പോലെ പ്രവർത്തിക്കുകയാണ് ആലപ്പുഴ മെഡി. ആശുപത്രിയിലെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി (എൻ.ഐ.വി) ലാബ്. പ്രതിവർഷം പരമാവധി 5000 സാമ്പിളുകൾ പരിശോധിച്ചിരുന്ന ഇവിടെ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പരിശോധിച്ചത് 9000ത്തിലധികം സാമ്പിളുകളാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോ ടെക്നോളജി ലാബിലെ പരിശോധനാ ഫലങ്ങൾ ഉൾപ്പടെ എൻ.ഐ.വിയിൽ പുന:പരിശോധയ്ക്ക് എത്തിക്കാനുള്ള തീരുമാനം വിശ്വാസ്യതയുടെ ആക്കം കൂട്ടുന്നു.
ഫെബ്രുവരി രണ്ടിനാണ് ഇവിടെ കൊവിഡ് പരിശോധന ആരംഭിച്ചത്. ചില ദിവസങ്ങളിൽ 400 സാമ്പിളുകൾ വരെ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. രാവിലെ മുതൽ രാത്രി 12 വരെ വിവിധ ഷിഫ്റ്റുകളായാണ് ജീവനക്കാർ ലാബിൽ പ്രവർത്തിക്കുന്നത്. ഏഴു മണിക്കൂർ വരെ നീളുന്ന പരിശോധനകൾ പൂർത്തിയാക്കിയാണ് ഫലം പുറത്ത് വരുന്നത്. അഞ്ച് ശാസ്ത്രജ്ഞരും ടെക്നീഷ്യൻമാരും എൻ.ആർ.എച്ച്.എമ്മിന്റെ ലാബ് ടെക്നീഷ്യന്മാരും ഉൾപ്പടെ 15 ജീവനക്കാരാണ് വിശ്രമമില്ലാതെ പരിശോധനാഫലങ്ങൾ തയ്യാറാക്കുന്നത്. വിവിധ പ്രൊജക്ടുകളുടെ ഭാഗമായി വൈറോളി വിഭാഗത്തിൽ പ്രവർത്തിക്കുന്നവരുടെ സഹായം കൊവിഡ് ഡേറ്റ എൻട്രി അടക്കമുള്ള പ്രവൃത്തികൾക്ക് ഉപയോഗിക്കുകയാണ്. മറ്റെല്ലാ പരിശോധനകളും നിറുത്തിവെച്ച് പൂർണമായും കൊവിഡ് ടെസ്റ്റ് മാത്രമാണ് മൂന്നു മാസമായി എൻ.ഐ.വിയിൽ നടക്കുന്നത്.
രണ്ട് വിഭാഗങ്ങൾ
സാമ്പിളുകൾ കൈകാര്യം ചെയ്യുന്നവർ, വിവരങ്ങൾ റെക്കോർഡ് ചെയ്യുന്നവർ എന്നിങ്ങനെ രണ്ട് വിഭാഗമായാണ് ലാബിലെ പ്രവർത്തനം. കണ്ടൈൻമെന്റ് മുറിയിൽ സാമ്പിളുകൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർ പൂർണമായും പി.പി.ഇ കിറ്റിന്റെ സംരക്ഷണയിലാണ് നിൽക്കുന്നത്. സാമ്പിളുകൾ നിർവീര്യമാക്കിയ ശേഷമേ ഇവ മറ്റ് പരിശോധനാ മുറികളിലേക്ക് എത്തിക്കൂ. ഈ ഘട്ടത്തിൽ പി.പി.ഇ കിറ്റിനു പകരം സാധാരണ മാസ്കും ഗ്ലൗസും സുരക്ഷാ കവചങ്ങളും മാത്രമാണ് ഉപയോഗിക്കുക. അതിനാൽ തന്നെ ലാബിലെ ജീവനക്കാർക്ക് ജോലിക്ക് ശേഷം ക്വാറന്റൈൻ ആവശ്യം വരുന്നില്ല.
..................................................
5000: പ്രതിവർഷം പരിശോധിച്ചിരുന്ന സാമ്പിളുകൾ
9000: കഴിഞ്ഞ ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള സാമ്പിൾ
30: മുമ്പ് പ്രതിദിനം പരിശോധിച്ച പരമാവധി സാമ്പിൾ
....................................................
കൊവിഡിന്റെ തുടക്കം മുതൽ പരിശോധനാ രംഗത്തുള്ളതിനാൽ ഒരു പക്ഷേ ഏറ്റവുമധികം സാമ്പിളുകളുടെ പരിശോധന നടന്നത് ഇവിടെയാകാം. കഴിഞ്ഞ വർഷം മുതൽ പൊതുവേ കൂടുതൽ സാമ്പിളുകൾ എൻ.ഐ.വിയിൽ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ ജോലിഭാരവും കൂടുതലാണ്
(ഡോ. സുഗുണൻ, നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി)