ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മാവേലി സ്റ്റോറിൽ പരിശോധന നടത്തി. അംഗൻവാടിയിലെ കുട്ടികൾക്ക് നൽകുന്ന ചെറുപയർ, റാഗിപ്പൊടി, ഗോതമ്പ് നുറുക്ക്, വറുത്ത കപ്പലണ്ടി, ശർക്കര, വെളിച്ചെണ്ണ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്യുന്നതിനായി എത്തിയ റാഗിപ്പൊടി, ആട്ട, ശർക്കര എന്നിവയാണ് പരിശോധിച്ചത്. അംഗൻവാടികളിൽ ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നുവെന്ന പരാതിക്ക് പരിഹാരമായാണ് മൂന്ന് വർഷം മുമ്പ് ഇത്തരത്തിലുള്ള പരിശോധന തുടങ്ങിയത്. എല്ലാ പ്രാവശ്യവും ഭക്ഷ്യധാന്യങ്ങൾ അംഗൻവാടികളിൽ വിതരണം ചെയ്യുന്നതിനു മുമ്പേ മാവേലി സ്റ്റോറിൽ വച്ചു തന്നെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധന. ലോക്ക് ഡൗൺ ആയതുകൊണ്ട് അംഗൻവാടികളിൽ നിന്നും 15 ദിവസത്തെ റേഷൻ ഒരുമിച്ച് വീടുകളിൽ എത്തിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ, അംഗങ്ങളായ ജിനദാസൻ, ജയന്തി, ഷീജ, പഞ്ചായത്ത് അസി.സെക്രട്ടറി മണിക്കുട്ടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ രമാദേവി, ഉഷ എന്നിവർ നേതൃത്വം നൽകി.