കൊവിഡിൽ പൂട്ടുവീണ ഡ്രൈവിംഗ് സ്കൂളുകൾ പ്രതിസന്ധിയിൽ
ആലപ്പുഴ: കൊറോണ വൈറസ് വട്ടം ചാടിയതോടെ ശരിക്കും പെട്ടുകിടക്കുകയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ ആശാൻമാർ. യുവതീ യുവാക്കളെന്നോ പ്രായമുള്ളവരെന്നോ ഭേദമില്ലാതെ 'പഠിതാക്കൾ' നിറയുന്ന ചാകരക്കാലമായിരുന്നു ഡ്രൈവിംഗ് സ്കൂളുകാരെ സംബന്ധിച്ചിടത്തോളം വെക്കേഷൻകാലം. പക്ഷേ കാർബറേറ്ററിൽ കരി നിറഞ്ഞ വാഹനം പൊടുന്നനെ നിന്നതുപോലെ, ആശാൻമാരുടെ പ്രതീക്ഷകൾക്കു മീതേ കൊറോണ കാർമേഘമായി പടർന്നു കയറുകയായിരുന്നു.
സംസ്ഥാനത്ത് 4000 ത്തോളം ഡ്രൈവിംഗ് സ്കൂളുകൾക്ക് കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാർച്ച് 10നാണ് പൂട്ടുവീണത്. ഇൻസ്ട്രക്ടർമാരുൾപ്പെടെ 25,000 നും 30,000 ത്തിനുമിടയിൽ ജീവനക്കാരുള്ള മേഖലയാണിത്. സ്വയംതൊഴിൽ എന്ന നിലയിലാണ് മിക്കവരും സ്ഥാപനങ്ങൾ തുടങ്ങിയിട്ടുള്ളത്. അഞ്ചു ലക്ഷം മുതൽ മുകളിലേക്ക് മുതൽ മുടക്കിയിട്ടുള്ളവയാണ് മിക്ക സ്ഥാപനങ്ങളും.
ഡ്രൈവിംഗ് സ്കൂൾ നടത്തിപ്പുകാരെ സ്ഥാപന ഉടമകളായി കണക്കാക്കിയിട്ടുള്ളതിനാൽ ക്ഷേമനിധിയോ ആനുകൂല്യമോ ഇല്ല.സ്കൂൾ നടത്തിപ്പിന് അഞ്ചു വർഷത്തേക്ക് 10,500 രൂപയാണ് ലൈസൻസ് ഫീസ്.മുടക്കുമുതൽ,വാഹനത്തിന്റെ തേയ്മാനം, ഇന്ധനച്ചെലവ്, ജീവനക്കാരുടെ ശമ്പളം, മറ്റുപിരിവുകൾ തുടങ്ങി എല്ലാം കഴിയുമ്പോൾ തട്ടിയും മുട്ടിയുമൊക്കെയാണ് ഓരോ സ്ഥാപനവും മുന്നോട്ടു നീങ്ങുന്നത്.
ടുവീലർ, ഫോർ വീലർ ലൈസൻസിന് 1410 രൂപയും ടു വീലറിന് മാത്രം 960 രൂപയുമാണ് ലൈസൻസ് ഫീ.
......................................
300: ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളുടെ എണ്ണം
...................................
റെന്റ് എ കാർ ഭീഷണി
നാട്ടിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന റെന്റ് എ കാർ സംവിധാനം ഡ്രൈവിംഗ് സ്കൂളുകൾക്ക് ഭീഷണിയാണ്.രണ്ടോ മൂന്നോ പേർ ചേർന്ന് കാർ വാടകയ്ക്ക് എടുക്കും. ഡ്രൈവിംഗ് അറിയുന്ന ആൾ പഠിപ്പിക്കും. ഓൺലൈൻ വഴി ലൈസൻസ് ടെസ്റ്രിന് ഫീസടയ്ക്കാം.അല്പം മിടുക്കുള്ളവർക്ക് ലേണേഴ്സ് ലൈസൻസ് കിട്ടും.
......................................
മിക്ക ഡ്രൈവിംഗ് സ്കൂളുകളും വാടകക്കെട്ടിടത്തിലാണ്.ലോക്ക്ഡൗൺ കാലത്തെ കെട്ടിടവാടകയും വൈദ്യുതി ചാർജ്ജും ഒഴിവാക്കാൻ സർക്കാർ ഇടപെടണം.പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭ്യമാക്കണം
(രതീഷ് ശിവരാജൻ, സെക്രട്ടറി, ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ)
.........................................
കേന്ദ്ര മോട്ടോർ വാഹന നിയമം അധികം വൈകാതെ പ്രാബല്യത്തിൽ വരും. ഡ്രൈവിംഗ് പഠനവും മറ്റും പുതിയ സംവിധാനത്തിലേക്ക് വരുമ്പോൾ ഡ്രൈവിംഗ് സ്കൂളുകളുടെ സ്ഥിതി എന്താവുമെന്ന ആശങ്കയുണ്ട്.
(സുധീർ അജ്സൽ, ജില്ലാ ചീഫ് അഡ്മിൻ, ഡ്രൈവിംഗ് സ്കൂൾ കൂട്ടായ്മ)