ആലപ്പുഴ: ലോക്ക് ഡൗൺ കാരണം 43 ദിവസങ്ങളായി തൊഴിൽ നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ദുരിതത്തിന് പരിഹാരം കാണാൻ ക്ഷേമപദ്ധതി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. റവന്യു വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് നിർദ്ദേശം നൽകിയത്. വിവിധ വിഭാഗങ്ങളിലുള്ളവർക്ക് സർക്കാർ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചിട്ടും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. ഓട്ടോ ഓടിക്കാൻ കഴിയാത്ത സാഹചര്യത്തിൽ തൊഴിലാളികൾ പട്ടിണിയിലാണ്. ഓട്ടോറിക്ഷ തൊഴിലാളികളുടെ അവസ്ഥ തീർത്തും ദയനീയമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. നടപടി സ്വീകരിച്ച ശേഷം 30 ദിവസത്തിനകം റിപ്പോർട്ട് ഫയൽ ചെയ്യണം. മനുഷ്യാവകാശ പ്രവർത്തകനായ ടി.പി.മോഹനൻ സമർപ്പിച്ച പരാതിയിലാണ് നടപടി.