തുണിമാസ്ക് ഉപയോഗിക്കുമ്പോൾ ജാഗ്രതവേണം
ആലപ്പുഴ: മാസ്ക് നിർബന്ധമാക്കിയതോടെ കൈയിൽ കിട്ടുന്ന തുണിയെല്ലാം മാസ്ക് ആക്കി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; പൊലീസിനെ പറ്റിക്കാം, പക്ഷേ, കൊറോണയോട് കളിക്കുന്നത് സൂക്ഷിച്ചുവേണം!
എല്ലാവരും മാസ്ക് ഉപയോഗിച്ച് തുടങ്ങിയതോടെ വൈവിദ്ധ്യമാർന്ന മാസ്കുകളുടെ ശേഖരംതന്നെ കടകളിൽ എത്തിയിട്ടുണ്ട്. എന്നാൽ ആരും ഇവ എത്രത്തോളം ഫലപ്രദമാണെന്ന് ചിന്തിക്കാറില്ല. 180 നൂലിഴകളുള്ള നൂറ് ശതമാനം കോട്ടൺ തുണിക്കാണ് വൈറസിനെ പ്രതിരോധിക്കാൻ ശേഷിയുള്ളത്. ഒറ്റത്തവണ ഉപയോഗത്തിനുള്ള മാസ്കിന് 7 രൂപ മുതലാണ് പൊതുവിപണിയിലെ നിരക്ക്. പരമാവധി ആറ് മണിക്കൂർ മാത്രം ഉപയോഗിക്കാനാവുന്ന ഇത്തരം മാസ്കുകൾ ദിവസേന വാങ്ങുന്നത് നഷ്ടക്കച്ചവടമാണ്. ഇവിടെയാണ് തുണി മാസ്കിന്റെ പ്രസക്തി. ഓൺലൈൻ വിപണിയിലാണ് വ്യത്യസ്ത തരം മാസ്കുകൾ ട്രെൻഡായിരിക്കുന്നത്.
20 രൂപ നിരക്കിൽ തുണി മാസ്ക് ലഭ്യമാണ്. വിവിധ അയൽക്കൂട്ടങ്ങളിലും വീടുകളിലും തുണിമാസ്ക് നിർമ്മാണം പുരോഗമിക്കുകയാണ്. തയ്ക്കുമ്പോൾ ഉപയോഗിക്കുന്ന ലൈനിംഗ് തുണിയാണ് പലരും ഇതിനായി വാങ്ങിക്കൂട്ടുന്നത്. ഒരു കോട്ടൺ ഡബിൾ മുണ്ടിൽപോലും 120 നൂലിഴകളുണ്ടെന്നാണ് കണക്ക്. ഈ സാഹചര്യത്തിൽ സാധാരണ തുണി മാസ്കുകൾ യഥാർത്ഥ പ്രതിരോധത്തിന് സഹായമാകില്ലെന്നു വേണം അനുമാനിക്കാൻ. ഓണം മുന്നിൽ കണ്ടുള്ള കസവ് മാസ്ക്, വസ്ത്രങ്ങൾക്ക് ചേരുന്ന നിറത്തിലും ഡിസൈനിലുമുള്ളവ, കുട്ടികൾക്കായി കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിച്ചവ തുടങ്ങി വിവിധ തരം മാസ്കുകൾ ഓൺലൈൻ വിപണിയിൽ ലഭ്യമാണ്.
# ശ്രദ്ധിക്കുക
ആരോഗ്യ പ്രവർത്തകർക്ക് ഉത്തമം തുണി മാസ്ക്
കൊവിഡ് സംശയിക്കുന്നവർക്ക് തുണി മാസ്ക് വേണ്ട
മാസ്കിൽ ഇടയ്ക്കിടെ സ്പർശിക്കരുത്, കൈമാറ്റം പാടില്ല
മാസ്ക് മാറ്റുമ്പോൾ കണ്ണ്, വായ, മൂക്ക് സ്പർശിക്കരുത്
2 വയസിൽ താഴെയുള്ളവർക്ക് തുണി മാസ്ക് പാടില്ല
കുട്ടികൾ കളിക്കുമ്പോൾ തുണിമാസ്ക് ഉപയോഗിക്കരുത്
ശ്വാസംമുട്ടൽ ഉള്ളവർക്കും തുണിമാസ്ക് പാടില്ല