പ്രവാസികൾ 74,982 അന്യസംസ്ഥാനത്തുള്ളവർ: 22,827
ആലപ്പുഴ:വിദേശത്തും അന്യ സംസ്ഥാനങ്ങളിലുമുള്ള 97,809 ആലപ്പുഴക്കാരെ ജൻമനാട്ടിലേക്കു സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ജില്ലാ ഭരണകൂടം പൂർത്തിയാക്കി. ഇവരിൽ എത്ര പേർ ഉടൻ തിരിച്ചെത്തുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. എത്ര പേർ വന്നാലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
291 കേന്ദ്രങ്ങളിലായി 4678 ഐസൊലേഷൻ മുറികളാണ് സജ്ജമാക്കിയിട്ടുള്ളത്. റെഡ് സോണുകളിൽ നിന്നെത്തുന്നവരെ നേരിട്ട് ഐസൊലേഷൻ മുറികളിലെത്തിക്കും. രോഗലക്ഷണമില്ലാത്തവർക്ക് വീടുകളിൽ ക്വാറന്റൈനിൽ താമസിക്കാം. ബാത്ത് റൂം സൗകര്യമുള്ള മുറിയിൽ വേണം കഴിയാൻ. ഇത്തരത്തിൽ സൗകര്യമില്ലാത്തവർക്ക് കൊവിഡ് കെയർ സെന്ററുകളിൽ കഴിയാം. സംസ്ഥാന അതിർത്തി തുറന്ന ശേഷം 262 പേരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നു ജില്ലയിൽ എത്തിയിട്ടുള്ളത്. കൊവിഡ് കെയർ സെന്ററുകളിൽ പ്രവേശിപ്പിക്കുന്നവരുടെ ആരോഗ്യ പരിശോധന, നിരീക്ഷണത്തിനുള്ള സ്ഥിരം സംവിധാനം, ആശുപത്രികളിലേക്ക് മാറ്റേണ്ടവർക്ക് ആവശ്യമായ ആംബുലൻസ് സൗകര്യം എന്നിവ ഉറപ്പാക്കേണ്ടത് ജില്ല മെഡിക്കൽ ഓഫീസറുടെ ചുമതലയാണ്. നിർദ്ദേശം ലഭിക്കുന്നതനുസരിച്ച് കൊവിഡ് കെയർ സെന്ററുകൾ സജ്ജീകരിക്കേണ്ട ചുമതല തഹസീൽദാർമാർക്കാണ്. ഐസൊലേഷനിൽ കഴിയുന്നവരുടെ ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണം. മുറികളിൽ എ.സി ഉൾപ്പെടെയുള്ള അധിക സൗകര്യം ആവശ്യമുള്ളവർ പണം നൽകേണ്ടിവരും. ശുചിത്വ മിഷനും ഹരിത കേരള മിഷനും മാലിന്യ സംസ്‌കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം പ്രവർത്തിക്കും.
........................................
ഹോട്ടലുകൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോസ്റ്റലുകൾ എന്നിങ്ങനെ
291 കേന്ദ്രങ്ങളിലായി 4678 ഐസൊലേഷൻ മുറികൾ സജ്ജം
.....................................
ഒപ്പമുണ്ട്, ഇവർ
ജില്ലാ പൊലീസ് മേധാവി, ജില്ലാ മെഡിക്കൽ ഓഫീസർ, തഹസീൽദാർമാർ, എക്സിക്യൂട്ടീവ് എൻജിനീയർ (പൊതുമരാമത്ത് കെട്ടിട വിഭാഗം), തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ, ജില്ലാ ഫയർ ആൻഡ് റെസ്‌ക്യു സർവ്വീസ്, ജില്ലാ കോ- ഓർഡിനേറ്റർ (ശുചിത്വമിഷൻ, ഹരിതകേരള മിഷൻ) എന്നിവർക്കാണ് കൊവിഡ് കെയർ സെന്ററുകളിലെ വിവിധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല.
.....................................
വിവിധ ഡിപ്പാർട്ട്മെന്റുകളെ കൂട്ടിയിണക്കി സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ജില്ലയിലെത്തുന്ന എല്ലാ ആളുകളെയും സുരക്ഷിതരായി പാർപ്പിക്കാൻ സാധിക്കും
(എം.അഞ്ജന, കളക്ടർ)