കുട്ടനാട്:കൊയ്ത്തു പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞിട്ടും നെടുമുടി കൃഷിഭവന് കീഴിലെ പൊങ്ങ പാടശേഖരത്തെ നെല്ല്‌സംഭരിക്കാൻ മില്ലുടമകൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് മുന്നൂറോളം കർഷകർ നെടുമുടി പൂപ്പള്ളി- കൈനകരി റോഡ് ഉപരോധിച്ചു. ഒരുമണിക്കൂറിലേറെ നീണ്ട സമരത്തിനൊടുവിൽ സിവിൽ സപ്ലൈസ് അധികൃതർ സ്ഥലത്തെത്തി സംഭരണം ഉറപ്പുനൽകിയാണ് പ്രശ്നം പരിഹരിച്ചത്.
ഈർപ്പത്തിന്റെ പേരിൽ ക്വിന്റലിന് 10 കിലോയിലധികം നെല്ല് മില്ലുടമകൾ ആവശ്യപ്പെട്ടതാണ് തർക്കത്തിനു കാരണമായത്. ഇതോടെ മില്ലുകാർ നെല്ലെടുക്കാൻ വിസമ്മതിച്ചു. ശരിയായി ഉണങ്ങിയാൽ മാത്രമെ നെല്ല് സംഭരിക്കൂ എന്ന നിലപാടിലായിരുന്നു കർഷകർ. കൊയ്ത നെല്ല് ഏഴുദിവസം വരെ പാടത്ത് കൂട്ടിയിടേണ്ടി വന്നു. ഇതിനിടെ വേനൽ മഴ ശക്തമാവുകയും തണ്ണീർമുക്കം ബണ്ട് തുറക്കുകയും ചെയ്തതോടെയാണ് കർഷകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഇന്നലെ നടന്ന ചർച്ചയിൽ ഈർപ്പത്തിന്റെ അളവ് 17 ശതമാനമാണെങ്കിൽ നാലുകിലോയും 17ന് മീതേ ആയാൽ 7 കിലോയും അധികം എടുക്കാമെന്ന് കർഷകർ സമ്മതിക്കുകയായിരുന്നു. സംഭരണം ഇന്ന് പുനരാരംഭിച്ചേക്കും.