വള്ളികുന്നം : കിടപ്പുരോഗികൾക്ക് ഒരു കൈ സഹായവുമായി വള്ളികുന്നത്തെ യുവാക്കളുടെ കൂട്ടായ്മ. തങ്ങളുടെ വരുമാനത്തിൽ നിന്ന് ഒരു ഭാഗം മാറ്റിവച്ച് രോഗികൾക്ക് പെൻഷനായി ഒരു തുക എല്ലാ മാസവും എത്തിച്ചു നൽകുകയാണ് ഇവർ. കുറച്ചു പേർ ചേർന്ന് തുടങ്ങിയ കൂട്ടായ്മയിൽ ഇപ്പോൾ 70 അംഗങ്ങളുണ്ട്.
'ഒരു കൈ സഹായം" എന്ന പേരിലുള്ള കൂട്ടായ്മ 14 പേർക്കാണ് ഇപ്പോൾ പെൻഷൻ നൽകുന്നത്. കിടപ്പു രോഗികൾക്കാണ് മുൻഗണന.രോഗാവസ്ഥ കണക്കിലെടുത്ത് 1500 മുതൽ 2000 രൂപ വരെ നൽകും. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് തുക വീട്ടിലെത്തിച്ചിരിക്കും. അപകടം സംഭവിച്ച് വീടുകളിൽ കഴിയുന്നവർക്കും പെൻഷൻ നൽകുന്നുണ്ട്. ഇവർ അപകടത്തിൽ നിന്ന് മുക്തി നേടി തൊഴിലിന് പോകുന്നതുവരെ പെൻഷൻ തുടരും.
സമാനമനസ്ക്കരായ യുവാക്കൾക്ക് കൂട്ടായ്മയുടെ ഭാഗമാകാം. കൂടുതൽ പേർ ചേർന്നാൽ പെൻഷനായി കൂടുതൽ തുക മാറ്റിവയ്ക്കാം. ഇതോടെ കൂടുതൽ പേർക്ക് പെൻഷനും നൽകാൻ കഴിയും. വള്ളികുന്നം ഗ്രാമ പഞ്ചായത്ത് നിവാസികൾക്ക് മാത്രമാണ് ഇപ്പോൾ പദ്ധതി പ്രകാരം പെൻഷൻ നൽകുക. കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന ഒരാളുടെ ഭാര്യയുടെ സുഹൃത്തിന്റെ മകന് പഠനവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ നേരിൽ കണ്ടതോടെയാണ് ഇങ്ങനെയൊരാശയത്തിന് തുടക്കമിട്ടത്.പ്രസിഡൻറ്, സെക്രട്ടറി തുടങ്ങിയ സ്ഥാനമാനങ്ങളൊന്നുമില്ല ഈ കൂട്ടായ്മയിൽ അംഗമാകാൻ സമാനമനസ്കരായ യുവാക്കൾ ബന്ധപ്പെടേണ്ട നമ്പർ:9061197848