മാവേലിക്കര: ശക്തമായ കാറ്റിലും കനത്ത മഴയിലും മാവേലിക്കരയിൽ വ്യാപക നാശനഷ്ടം. ഇന്നലെ വൈകിട്ട് 5 മണിയോടെ ഉണ്ടായ ശക്തമായ കാറ്റിൽ നിരവധി ഇടങ്ങളിൽ വീടുകൾക്ക് മുകളിലേക്കും ലൈൻ കമ്പികളിലേക്കും മരം ഒടിഞ്ഞുവീണു. കൃഷിയും വലിയതോതിൽ നശിച്ചിട്ടുണ്ട്. മാവേലിക്കര, കല്ലുമല, കൊറ്റാർകാവ്, ഇറവങ്കര, ഈരേഴ, കണ്ടിയൂർ, മാങ്ങാങ്കുഴി പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം .
കല്ലുമല ആക്കനാട്ടുകര നീതാ ശിവകുമാറിന്റെ വീടിന് മുകളിൽ പ്ലാവ് ഒടിഞ്ഞു വീണു. കണ്ടിയൂർ കൈതമൂട്ടിൽ കെ.കാർത്തികേയന്റെ വീടിന് മുകളിൽ സമീപത്തെ പുരയിടത്തിൽ നിന്ന തേക്ക് മരം പിഴുതുവീണു. കൊറ്റാർകാവ് ക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മരം വീണു. മാങ്കംകുഴി ജംഗ്ഷന് തെക്ക് ചിന്നമ്മ ഡാനിയേലിന്റെ വീടിന് മകളിലേക്ക് തൊട്ടടുത്ത പറമ്പിലെ മരങ്ങൾ വീണ് വീടിന്റെ ഓടും ഗ്ലാസുകളും പൊട്ടി.
ഇറവങ്കര, കൊട്ടാരം റോഡ്, വിദ്യാധിരാജ റോഡ് എന്നിവിടങ്ങളിലും റോഡിലേക്ക് മരം വീണു. മറ്റത്ത് ക്ഷേത്രത്തിന് സമീപം വീടിനുമുകളിൽ മരം വീണു. മാങ്ങാങ്കുഴി ചാരുംമൂട് റോഡിന് കുറുകെ വലിയ മരം കടപുഴകി വീണതിനാൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റിയത്. ഈരേഴയിൽ ശക്തമായ കാറ്റിലും മഴയിലും ട്രാൻസ്ഫോർമർ ഇരുന്ന പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് ചരിഞ്ഞു. നിരവധി സ്ഥലങ്ങളിൽ മരശിഖരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി കമ്പിയും പോസ്റ്റും നിലംപതിച്ചു. രാത്രി വൈകിയും മാവേലിക്കരയിലെ മിക്ക പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല.