മാവേലിക്കര: കൊവിഡ് കാലഘട്ടത്തിൽ കേരളമൊട്ടാകെ കാരുണ്യത്തിന്റെ കരങ്ങൾ നീട്ടുകയാണ് ചെട്ടികുളങ്ങര കൈത്താങ്ങ് സേവാ ഗ്രാമം. ക്യാൻസർ, വ്യക്ക, ഹ്യദയ സംബന്ധമായ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യമായി മരുന്ന് എത്തിച്ചു കൊടുക്കുകയാണ് സേവാ ഗ്രാമം. നിരാമയം എന്ന പേരിൽ നടത്തുന്ന ഈ പദ്ധതി പ്രകാരം തിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങളിലുള്ള നാൽപതോളം രോഗികൾക്ക് ഇതിനോടകം സൗജന്യമായി മരുന്നുകൾ എത്തിച്ചു നൽകി.
മരുന്നുകൾ ലഭിക്കുന്നിടത്ത് നിന്ന് വാങ്ങി ആവശ്യക്കാർക്ക് എത്തിച്ചുനൽകി മാതൃകയാകുകയാണ് ഈ കൂട്ടായ്മ. ഹ്യദയ സംബന്ധമായ അസുഖത്താൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന വെട്ടിയാർ തരകൻ വീട്ടിൽ മീരാസാഹിബിന്റെ ഭാര്യ ലൈലക്ക് നെയ്യാറ്റിൻകര പന്നിയോട് സുകുമാരൻ വൈദ്യരുടെ പക്കൽ നിന്നാണ് ആയുർവേദ മരുന്നുകൾ ലഭിക്കേണ്ടിയിരുന്നത്. ഇവർ പല മാർഗങ്ങളിലൂടെ മരുന്ന് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. രോഗിയായ ഭർത്താവും, അപകടത്തിൽപ്പെട്ട മകനും അടങ്ങിയ നിർദ്ധന കുടുംബത്തിന് നെയ്യാറ്റിൻകരയിൽ ചെന്ന് മരുന്ന് വാങ്ങുവാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ലായിരുന്നു.
ഒടുവിൽ വാർഡ് മെമ്പർ സുനിൽ രാമനല്ലൂർ കൈത്താങ്ങ് സേവാ ഗ്രാമം കൺവീനർ ഗോപൻ ഗോകുലത്തോട് സഹായം അഭ്യർത്ഥിച്ചു. സേവാഗ്രാമത്തിന്റെ ശ്രമഫലമായി അസിസ്റ്റൻറ് ഡ്രഗ്സ് കൺട്രോളർ കെ.ജെ.ജോൺ ഇടപെട്ട് മരുന്നുകൾ വാങ്ങി മാവേലിക്കര ഫയർ സ്റ്റേഷനിൽ എത്തിച്ചു. കൈത്താങ്ങിന്റെ നിരാമയം കോർഡിനേറ്റർ സന്തോഷ്, ചെയർമാൻ രാജേഷ് ഉണ്ണിച്ചേത്ത്, കൺവീനർ ഗോപൻ ഗോകുലം എന്നിവർ ചേർന്ന് വാർഡ് മെമ്പർ സുനിലിന്റെ സാന്നിധ്യത്തിൽ തരകൻ വീട്ടിൽ എത്തി ലൈലക്ക് മരുന്നുകൾ കൈമാറി.