a

മാവേലിക്കര: നന്മ നിറഞ്ഞ കുട്ടപ്പന് മാവേലി​ക്കരയുടെ ആദരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 381 രൂപ സംഭാവന ചെയ്ത തെരുവിൽ അന്തിയുറങ്ങുന്ന കുട്ടപ്പനെയാണ് ഇന്നലെ നാട് പൊന്നാട അണിയിച്ച് ആദരിച്ചത്. നഗരസഭ ചെയർപേഴ്സൺ ലീലാ അഭിലാഷാണ് ആദരി​ക്കൽ ചടങ്ങ് നടത്തി​യത്. തുടർന്ന് അദ്ദേഹം നൽകിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ച രസീത് കൈമാറി. തെരുവിൽ കഴിയുന്ന കുട്ടപ്പൻ നൽകിയ പണത്തിന്റെ ഇരട്ടി തുകയായ 762 രൂപ അദ്ദേഹത്തിന് ജോ.ആർ.ടി.ഒ എം.ജി മനോജ് തിരികെ നൽകി. കുട്ടപ്പന്റെ നന്മനിറഞ്ഞ മനസ് ഉൾക്കൊണ്ട് യുവജന കൂട്ടായ്മയാണ് അദ്ദേഹത്തിന് പാരിതോഷികമായി കൈമാറാനുള്ള ഇരട്ടിത്തുക കണ്ടെത്തിയത്.

മാവേലിക്കര ജോ.ആർ.ടി.ഒ എം.ജി മനോജിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ഓലകെട്ടിയമ്പലം സ്വദേശികളായ പത്തംഗ യുവജന കൂട്ടായ്മയും ലോക്ക് ഡൗൺ കാലയളവിൽ നടത്തുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് തെരുവിൽ അന്തിയുറങ്ങുന്ന കുട്ടപ്പൻ തന്റെ കൈവശമുണ്ടായിരുന്ന കരുതൽ ധനമായ 381 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി കൈമാറിയത്. കേരളകൗമുദി പ്രസിദ്ധീകരിച്ച ഈ വാർത്ത ശ്രദ്ധയിൽപെട്ട ഗാന്ധിഭവൻ അധികൃതർ ഇദ്ദേഹത്തെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരുന്നു.