ചേർത്തല:ചേർത്തല ജോയിന്റ് ആർ.ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.ജി. ബിജുവിനെ ജോലിക്കിടെ കൈയേറ്റം ചെയ്ത കേസിൽ ആർ.ടി ഏജന്റ് തുറവൂർ തിരുമല പുത്തൻ തറയിൽ തമ്പിയെ (51) ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. ജോയിന്റ് ആർ.ടി ഓഫീസിൽ 2019 ഒക്ടോബർ 24 നായിരുന്നു സംഭവം. ഓഫീസിൽ പൊതുജനങ്ങൾക്ക് തടസമായി നിന്ന് അപേക്ഷ പൂരിപ്പിച്ച തമ്പിയോട് മാറി നിൽക്കാൻ ബിജു ആവശ്യപ്പെടുകയും തുടർന്നുണ്ടായ തർക്കത്തിനിടെ ബിജുവിനെ കൈയേറ്റം ചെയ്‌തെന്നുമാണ് കേസ്.സംഭവത്തെ തുടർന്ന് ഇരുവരും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥന്റെ ജോലി തടസപ്പെടുത്തൽ,കൈയേറ്റം ചെയ്യൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.