ആലപ്പുഴ: ബീഹാറിലേക്കു മടങ്ങിയ തൊഴിലാളികളുടെ ടിക്കറ്റ് നിരക്കായി 10 ലക്ഷം രൂപ നൽകാൻ തയ്യാറായ ആലപ്പുഴ ഡി.സി.സി നേതൃത്വത്തിനും പ്രസിഡന്റിനും എതിരെ ഫേസ്ബുക്കിൽ വ്യാജ പ്രചാരണം നടത്തിയ അഞ്ചുപേർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് ഡി.സി.സി പ്രസിഡന്റ് എം.ലിജു പരാതി നൽകി. ചെക്ക് മാറുന്നതിന് ആവശ്യമായ തുക അക്കൗണ്ടിൽ ഇല്ലായിരുന്നുവെന്നാണ് പ്രചാരണം നടത്തിയതെന്നും പരാതിയിൽ പറയുന്നു.

ആലപ്പുഴ മുല്ലയ്ക്കൽ കാത്തലിക് സിറിയൻ ബാങ്കിലെ ചെക്ക് നൽകാൻ എം.ലിജു ഉൾപ്പെടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം കളക്ടറെ സമീപിച്ചിരുന്നു. സർക്കാർ ഉത്തരവ് ഇല്ലാത്തതിനാൽ ചെക്ക് കൈപ്പറ്റാതെ കളക്ടർ നേതാക്കളെ തിരികെ അയച്ചു. ചെക്കിന്റെ ഫോട്ടോസ്റ്റാറ്റ് നവമാദ്ധ്യമങ്ങളിൽ ഡി.സി.സി നേതൃത്വം പോസ്റ്റ് ചെയ്യുകയും ചെയ്തു.

എന്നാൽ ബാങ്ക് അക്കൗണ്ടിൽ പണം ഇല്ലാതിരുന്നതിനാലാണ് കളക്ടർ ചെക്ക് വാങ്ങാതിരുന്നത് എന്ന വിധത്തിൽ ബീനാ സണ്ണി എന്നയാളിന്റെ ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തു. അക്കൗണ്ടിൽ ആവശ്യത്തിന് പണം ഉണ്ടായിരിക്കെ, പാർട്ടി ജില്ലാ കമ്മിറ്റിയെയും പ്രസിഡന്റിനെയും അധിക്ഷേപിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പ്രചാരണം നടത്തിയതെന്നും പോസ്റ്റ് ചെയ്തയാളിനും ഷെയർ ചെയ്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.