thkpn

ചാരുംമൂട്: താമരക്കുളത്തി​ന്റെ വി​കസനത്തി​ന് പ്രാരംഭം കുറി​ച്ച മുൻ പഞ്ചായത്ത് പ്രസി​ഡന്റ് ചത്തിയറ പനയ്ക്കൽ വി.തങ്കപ്പൻപിള്ള ഇനി ഓർമ്മകളിൽ.

വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്തരി​ച്ച അദ്ദേഹത്തി​ന്റെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് രണ്ടി​ന് നടന്നു. ആദ്യ കാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും സി.പി.എം നേതാവുമായിരുന്ന ഇദ്ദേഹം 1979 മുതൽ അഞ്ചു വർഷം പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചു. പഞ്ചായത്തുകൾക്ക് കാര്യമായ ഫണ്ടുകളൊന്നും അക്കാലത്ത് ലഭിച്ചിരുന്നില്ല.

1981ൽ ചത്തിയറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ആരംഭിച്ചു. വർഷങ്ങളായി തകർന്നു കിടന്ന ഓച്ചിറ - താമരക്കുളം റോഡിന്റെ ടാറിംഗ് ജോലികൾ നടന്നതും ജംഗ്ഷനിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി കഴിപ്പിച്ചതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന നിരവധി സമരങ്ങളിലും അദ്ദേഹം പങ്കെടുത്തിരുന്നു. താമരക്കുളത്ത് ആദ്യമായി അക്ഷര എന്ന പേരിൽ പ്രിന്റിംഗ് പ്രസ് ആരംഭിച്ചത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലായിരുന്നു. ചത്തിയറയിലെ എൻ.എസ്.എസ് കരയോഗത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്നു.

തങ്കപ്പൻപിള്ളയുടെ വിയോഗത്തിൽ മന്ത്രി ജി സുധാകരൻ അനുശോചിച്ചു.

ആർ.രാജേഷ് എം.എൽ.എ , മുൻ എം.പി സി.എസ്.സുജാത, ദേവസ്വം ബോർഡ് മുൻ അംഗം കെ.രാഘവൻ, കെ.പി.സി.സി. സെക്രട്ടറി കെ.പി.ശ്രീകുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ഗീത,മുൻ പ്രസിഡന്റുമാരായ കെ.രാധാകൃഷ്ണനുണ്ണിത്താൻ, ബൈജു കലാശാല, ജി.വേണു തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.