ആലപ്പുഴ:കാലിത്തീറ്റയുടെ സബ്സിഡി മിൽമ നിർത്തിയതോടെ ക്ഷീരമേഖല കടുത്ത പ്രതിസന്ധിയിലേക്ക്. 60ലിറ്റർ പാൽ സംഘങ്ങളിൽ അളക്കുന്ന കർഷകന് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് മിൽമ നൽകിയിരുന്ന 100 രൂപ സബ്‌സിഡി കഴിഞ്ഞ 30മുതലാണ് ലാഭക്കുറവിന്റെ പേരിൽ നിറുത്തലാക്കിയത്. ഇന്നലെ മുതൽ 40രൂപ അധിക സഹായം അനുവദിച്ചെങ്കിലും ക്ഷകർക്ക് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
50 കിലോഗ്രാം തൂക്കമുള്ള ഒരു ചാക്ക് ഗോൾഡ് കാലിത്തീറ്റയ്ക്ക് മിൽമയും കേരള ഫീഡ്‌സും 1370രൂപയാണ് ഈടാക്കുന്നത്. സ്വകാര്യ കമ്പനികൾ 205 രൂപ കുറവിൽ ചാക്കൊന്നിന് 1165 രൂപയ്ക്ക് കാലിത്തീറ്റ വിപണിയിൽ എത്തിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് മിൽമയും കേരള ഫീഡ്‌സും സ്വീകരിക്കുന്നതെന്ന് കർഷകർ ആരോപിക്കുന്നു.
പൊതുവിപണിയിൽ കാലിത്തീറ്റയുടെ വില നിയന്ത്രിക്കേണ്ടത് കേരള ഫീഡ്സും മിൽമയുമാണ്. കഴിഞ്ഞ സെപ്തംബറിൽ പാൽ വില നാലു രൂപ വർദ്ധിപ്പിച്ചപ്പോൾ ഇതിൽ 3.35 രൂപ കർഷകർക്ക് നൽകി പ്രതിബദ്ധത കാട്ടിയ മിൽമ, പിന്നീട് കാലിത്തീറ്റ വിലയും കൂട്ടി. മറ്റു സംസ്ഥാനങ്ങളിലെന്ന പോലെ കാലിത്തീറ്റയ്ക്ക് സബ്‌സിഡിയോ പാലിന് ലിറ്ററിന് അഞ്ചു രൂപ നിരക്കിൽ അധിക ഇൻസെന്റീവോ സർക്കാർ നൽകണമെന്നാണ് കർഷകരുടെ ആവശ്യം.
50
ഒരു ലിറ്റർ പാൽ 50 രൂപയ്ക്ക് ക്ഷീരസംഘങ്ങൾ വിൽക്കുമ്പോൾ കർഷകർക്കു ലഭിക്കുന്നത് ഇൻസെന്റീവ് ഉൾപ്പെടെ 30 മുതൽ 40 രൂപ വരെയാണ്. റീഡിംഗിന്റെയും ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് മിൽമ ചാർട്ട് പ്രകാരം കർഷകർക്കു വില ലഭിക്കുന്നത്. ഇതേ പാൽ സംഘം 50രൂപയ്ക്കാണ് വിൽക്കുന്നത്.
കർഷകരുടെ
പ്രശ്നങ്ങൾ
ഉത്പാദന ചെലവിന് അനുസരിച്ച് പാലിനു വിലയില്ല
സർക്കാർ വക മറ്റ് ആനുകൂല്യങ്ങളില്ല
വൈക്കോൽ, കാലിത്തീറ്റ എന്നിവയുടെ വില വർദ്ധന
ആവശ്യങ്ങൾ
ഒരു ലിറ്റർ പാലിന് അഞ്ച് രൂപ പ്രകാരം അധിക സബ്‌സിഡി വേണം
വർഷം മുഴുവൻ പാൽ അളക്കുന്ന കർഷകർക്ക് ധനസഹായം
'' കറവയില്ലാത്ത പശുവിന് നാലര കിലോയും കറവയുള്ളവയ്ക്ക് ഇതിനു പുറമെ ഒരു ലിറ്റർ പാലിന് 800 ഗ്രാം വീതം അധികമായും കാലിത്തീറ്റ നൽകണം. 10 ലിറ്റർ പാൽ തരുന്ന പശുവിന് 10 കിലോ തീറ്റയെങ്കിലും നൽകേണ്ടിവരും. പാൽ ഉൽപ്പാദനം കൂടുന്നതിനായി കാലിത്തീറ്റയിൽ ചേർക്കുന്ന യൂറിയയും മൊളാസിസും പാലിന്റെ കൊഴുപ്പും റീഡിംഗും കുറയ്ക്കും. പശുവിന്റെ സന്താനോത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
-ക്ഷീര കർഷകർ
'ലാഭവിഹിതം കുറഞ്ഞതാണ് സബ്‌സിഡി താൽക്കാലികമായി നിറുത്തലാക്കാൻ കാരണം. കൊവിഡിനെ തുടർന്ന് പാൽ വിതരണത്തിൽ ചെലവ് വർദ്ധിക്കുന്നതിനാൽ മിൽമ നഷ്ടത്തിലാണ്. അളക്കുന്ന പാലിന് ആനുപാതികമായി സബ്സിഡി കർഷകർക്ക് നൽകാനാണ് സംഘങ്ങൾക്ക് നൽകിയ നിർദേശം.
-കരുമാടി മുരളി, ഡയറക്ടർ, മിൽമ