ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിശീലനം
ആലപ്പുഴ:രോഗവ്യാപനത്തിൽ അപ്രതീക്ഷിത വർദ്ധനയുണ്ടായാൽ കൊവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടങ്ങി.ഡോക്ടർമാർക്കും നഴ്സുമാർക്കും മറ്റത്യാവശ്യ ജീവനക്കാർക്കുമുള്ള ഓൺലൈൻ പരിശീലനത്തിന്റെ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി.പ്രവാസികൾ കൂടി നാട്ടിലേക്ക് എത്തുന്ന പശ്ചാത്തലത്തിലായിരുന്നു അവലോകനം.ഏതു സമയത്തും കൊവിഡ് ആശുപത്രിയാക്കി മാറ്രാൻ തയ്യാറെടുപ്പ് വേണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുള്ളത്.
വെന്റിലേറ്രർ സജ്ജമാക്കൽ, പ്രത്യേക സംരക്ഷണ ഉപകരണങ്ങളുടെ (സ്പെഷ്യൽ പ്രൊട്ടക്ഷൻ എക്യുപ്മെന്റ്സ്) ഉപയോഗം, കൊവിഡ് രോഗികളുടെ പരിചരണവും സുരക്ഷാ മുൻകരുതലുകളും തുടങ്ങിയ കാര്യങ്ങളിലാണ് പരിശീലനം നൽകുന്നത്. നിപ്പ വൈറസ് വ്യാപനത്തിന്റെ നാളിൽ തുടങ്ങിയ പരിശീലനങ്ങളുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത്. ലോക്ക് ഡൗൺ ആയതോടെ ഗ്രൂപ്പായുള്ള പരിശീലനത്തിന് പകരം ഓൺലൈനായെന്ന് മാത്രം.
1500 : നിലവിൽ ആലപ്പുഴ മെഡി.കോളേജ് ആശുപത്രിയിലെ കിടക്കകൾ
750 : ഒന്നുമുതൽ 7 വരെ വാർഡുകളിലായി 750 കിടക്കകൾ കൊവിഡ് രോഗികൾക്ക് സജ്ജീകരിക്കും
150 : ഐ.സി.യു വാർഡിൽ 150 കിടക്കകളും ക്രമീകരിക്കും
എല്ലാം റെഡി
മാസ്ക് , സാനിട്ടൈസർ അടക്കം വേണ്ട സംവിധാനങ്ങളും വേണ്ടത്ര ഉറപ്പാക്കിയിട്ടുണ്ട്.
കൊവിഡ് ആശുപത്രിയാക്കി മാറ്രിയാൽ ഇവിടെ ചികിത്സയിൽ കഴിയുന്നവരെ ജനറൽ ആശുപത്രിയിലേക്കും കടപ്പുറത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്കും കായംകുളം,മാവേലിക്കര, ചേർത്തല താലൂക്ക് ആശുപത്രികളിലേക്കും മാറ്റും.
'' പ്രവാസികൾ കൂടി എത്തുന്നതോടെ കൂടുതൽ പേരെ നിരീക്ഷണത്തിലാക്കേണ്ടി വരുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. രോഗ വ്യാപനത്തിൽ പെട്ടെന്നൊരു ഉയർച്ച കണ്ടാലും പരിഭ്രാന്തി ഉണ്ടാവാതിരിക്കാനുള്ള കരുതലാണ്. നേരത്തെ തുടങ്ങിയ പരിശീലനത്തിന്റെ തുടർച്ചയാണ് ഇത്.
ഡോ.രാംലാൽ (സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി)