കായംകുളം: 105 ലിറ്റർ സ്പിരിറ്റും 14 ലിറ്റർ വ്യാജ വിദേശ മദ്യവുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.വാഹന പരിശോധനയ്ക്കിടെ കാപ്പിൽകിഴക്ക് ഭാഗത്തുവെച്ച് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 14 ലിറ്റർ വ്യാജ വിദേശ മദ്യവുമായി ഇലപ്പിക്കുളം ഓണംപള്ളിൽ ഗിരീഷ് കുമാറാണ് ആദ്യം പിടിയിലായത്. ഇയാളിൽ നിന്ന് ലഭിച്ച് വിവരത്തിന്റെ അ‌ിസ്ഥാനത്തിൽ ഓച്ചിറ മഠത്തിൽകാരായ്മ മുളവേലിൽ വിനോദിനെ 105 ലിറ്റർ സ്പിരിറ്റുമായി പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു ലിറ്റർ വീതമുള്ള 14 കുപ്പികളിലായാണ് സ്പിരിറ്റ് നേർപ്പിച്ച് നിറംചേർത്ത വ്യാജമദ്യം ഗിരീഷ് കുമാർ കടത്തിക്കൊണ്ടുവന്നത്.കൂടുതൽ അന്വേഷണത്തിൽ വിനോദിന്റെ വീടിന്റെ കിഴക്കുവശം തൊഴുത്തിന് പിന്നിൽ മൂന്ന് കന്നാസുകളിലായി കുഴിച്ചിട്ട സ്പിരിറ്റ് കണ്ടെടുക്കുകയായിരുന്നു. കൊല്ലം ജില്ല കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന സ്പിരിറ്റ് മാഫിയയിലെ കണ്ണികളാണ് പിടിയിലായവർ.

തൃശൂരിലെ മൊത്ത വിതരണക്കാരനിൽ നിന്നുമാണ് സ്പിരിറ്റ് എത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു.