photo

നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം

ആലപ്പുഴ: അബുദാബി​യി​ലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള ആലപ്പുഴ എടത്വ പച്ച- ചെക്കിടിക്കാട് കറുകശ്ശേരിൽ വീട്ടിൽ മനോജ് മോഹനെ(46) നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ സഹായംതേടി ​കുടുംബം.

അബുദാബിയിൽ യൂണിയൻ പൈപ്പ് ഇൻഡസ്ട്രി എന്ന കമ്പനിയിൽ വെൽഡറായി ജോലി ചെയ്തു വന്ന മനോജ് ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ മുള്ളു കുടുങ്ങിയതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് 17ന് അബുദാബിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുള്ള് പുറത്തെടുക്കുന്നതിന് ഇവി​ടെ ശസ്ത്രക്രി​യക്ക് വി​ധേയനാക്കി​യെങ്കി​ലും രണ്ടു ദിവസത്തിന് ശേഷം വിട്ടയച്ചു.പി​ന്നീട് ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് ഏപ്രി​ൽ 26ന് വീണ്ടും ഇതേ ആശുപത്രി​യി​ൽ എത്തിച്ചു. എന്നാൽ, സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി​രുന്നു സ്വകാര്യ ആശുപത്രി അധികൃതരുടെ നി​ർദ്ദേശം. തുടർന്ന് അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

രണ്ട് ദിവസം കഴിഞ്ഞതോടെ ശരീരത്തിന്റെ ഇരുവശവും തളരുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. മേയ് അഞ്ചിന് വീണ്ടും ശസ്ത്രക്രി​യക്ക് വിധേയനാക്കി. ഇതേത്തുടർന്നുണ്ടായ അണുബാധ സുഷുമ്ന നാഡിയെയും ബാധിച്ചതോടെ ശരീരം പൂർണമായും തളർന്ന അവസ്ഥയിലുള്ള മനോജിനെ നാട്ടിലെത്തിച്ച് തുടർ ചികിത്സ ലഭ്യമാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ഇക്കാര്യം കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ, മുഖ്യമന്ത്രി എന്നിവർക്ക് അപേക്ഷ നൽകി. അമ്മ വിജയമ്മ, ഭാര്യ സിന്ധു ,മക്കളായ മനു, മിഥുൻ എന്നിവരടങ്ങുന്ന നിർദ്ധന കുടുംബത്തി​ന്റെ ഏക ആശ്രയം മനോജി​ന്റെ വരുമാനമായി​രുന്നു. ഒന്നരവർഷം മുമ്പാണ് മനോജ് അവസാനമായി അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.