ആലപ്പുഴ : ജില്ലയിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികളുമായി ബീഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിനും യാത്രയായി. മാവേലിക്കര, ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള 1140 തൊഴിലാളികളാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്നലെ പുറപ്പെട്ട ട്രെയിനിലുള്ളത്. ബ്രെഡ്, ചപ്പാത്തി, നേന്ത്റപ്പഴം, പച്ചമുളക്, സവാള, അച്ചാർ, കുടിവെള്ളം എന്നിവ ഉൾപ്പെടെ ആവശ്യമായ ഭക്ഷണവും നൽകിയാണ് ഇവരെ യാത്രയാക്കിയത്. ടിക്കറ്റ് ചാർജായ 985രൂപ വീതം തൊഴിലാളികൾ നൽകി.

ചെങ്ങന്നൂരിൽ നിന്ന് 518ഉം മാവേലിക്കരയിൽ നിന്ന് 612ഉം കുട്ടനാട്ടിൽ നിന്ന് പത്തും തൊഴിലാളികളാണ് മടങ്ങിയത്.

റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ജി.ആർ.എഫും തൊഴിലാളികളെ അനുഗമിക്കുന്നുണ്ട്.

ജില്ല കളക്ടർ എം.അഞ്ജന, ജില്ല പൊലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ പ്രവർത്തനങ്ങൾ നിയന്ത്റിച്ചു. ജില്ല ലേബർ ഓഫീസർ വേണുഗോപാലിന്റെ നേതൃത്വത്തിൽ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ , ആർ.ഡി.,മാരായ എസ്.സന്തോഷ്‌കുമാർ, ഉഷാകുമാരി, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം, ഡെപ്യൂട്ടി കളക്ടർ വിജയൻ, സ്​റ്റേഷൻ മാനേജർ റൂബിൻസൺ ജോൺ, ഡെപ്യൂട്ടി സ്​റ്റേഷൻ മാനേജർ എൽ.,രാഖി തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

പരിശോധന കർശനം

പോകാൻ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക നേരത്തെ പൊലീസും ലേബർ വകുപ്പും റവന്യൂ ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതി മെഡിക്കൽ ഓഫീസർമാർ വിലയിരുത്തി. താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവർക്കായി കെ.എസ്.ആർ.ടി.സി ബസ് ഒരുക്കി നിർത്തി. ലിസ്റ്ര് പ്രകാരം കോച്ച് അടിസ്ഥാനത്തിലാണ് ഓരോ ബസിലും കയ​റ്റിയത്. കൃത്യമായ അകലം പാലിച്ച് ഒരു സീ​റ്റിൽ ഒരാൾ എന്ന നിലയിലാണ് ഇവരെ ഇരുത്തിയത്. ചെങ്ങന്നൂരിൽ നിന്ന് 22 ഉം മാവേലിക്കര നിന്ന് 24 ഉം കുട്ടനാട് നിന്ന് ഒന്നും എന്ന നിലയിലാണ് ബസ് സജ്ജമാക്കിയത്.

മെഡിക്കൽ സർട്ടിഫിക്ക​റ്റും രണ്ടുദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസിൽ തന്നെ ഇവർക്ക് നൽകി.