ആലപ്പുഴ : മഹാമാരിയുടെ കാലത്ത് സ്വന്തം നാടിന്റെ സംരക്ഷണം തേടി എത്തുന്ന പ്രവാസികൾക്ക് മുന്നിൽ ഉത്തരം കിട്ടാത്ത ഒരു ചോദ്യമുണ്ട്. ഇനിയെന്ത്? ആദ്യം ജീവൻ സംരക്ഷിക്കട്ടെയെന്ന് പറഞ്ഞൊഴിയുമ്പോഴും പലരുടെയും കണ്ണുകളിൽ ആശങ്ക വട്ടമിടുന്നു. സ്വപ്നങ്ങൾ കെട്ടിയുയർത്തിയ ജോലിസ്ഥലത്തേക്ക് ഇനി എന്നായിരിക്കും മടക്കമെന്നതിനെപ്പറ്റി യാതൊരു ചിത്രവുമില്ല.
ഗൾഫ് ഉൾപ്പെടെയുള്ള നാടുകളിൽ കമ്പനികൾ ശമ്പളം ഗണ്യമായി വെട്ടിക്കുറച്ചു. വിദേശങ്ങളിൽ ചെറുകിട കച്ചവട സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നവർക്ക് വാടക പോലും കൊടുക്കാനാവാത്ത സ്ഥിതിയാണ്. കൊവിഡ് ഭീതി ഉയരും മുമ്പേ അവധിക്കായി നാട്ടിലെത്തി ജോലിസ്ഥലത്തേക്ക് മടങ്ങാൻ കഴിയാതിരുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. പുതിയ ജോലിക്ക് ശ്രമിച്ചോളൂ എന്ന അറിയിപ്പാണ് വിദേശങ്ങളിലെ കമ്പനികളിൽ നിന്ന് പലരെയും തേടിയെത്തിയിട്ടുള്ളത്. കഴിഞ്ഞ മാസം വരെ മുടങ്ങാതെ ശമ്പളം നൽകിയിരുന്ന കമ്പനികളാണ് ഇങ്ങനെ ഒരു നിലപാടിലേക്ക് മാറിയത്.
വിദേശത്ത് നിന്ന് നേരത്തെ നാട്ടിലെത്തിയ പ്രവാസികളുടെ പോക്കറ്റ് കാലിയായിത്തുടങ്ങി. ജോലിയുടെ ബലത്തിലെടുത്ത ഭവന വായ്പകൾ അടക്കം ഭീമമായ തിരിച്ചടവുകൾ മുടങ്ങി.
സ്വദേശിവത്കരണം
ഗൾഫ് നാടുകളിൽ സ്വദേശിവത്ക്കരണം പ്രാവർത്തികമായാൽ മുന്നോട്ടു പോകുവാൻ പുതിയ ജോലി തേടിയേ പറ്റൂ. മദ്ധ്യവയസിനു മുകളിൽ പ്രായമായവർക്ക് ഇതും വെല്ലുവിളിയാണ്.
''സുഡാൻ അടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളിലെ സിറാമിക് കമ്പനികളിൽ ധാരാളം മലയാളികൾ ജോലിചെയ്യുന്നുണ്ട്. ഭക്ഷണം കമ്പനി അധികൃതർ ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ആരോഗ്യ സംരക്ഷണമാണ് നിലവിലെ പ്രതിസന്ധി.
ആഫ്രിക്കയിൽ പല സ്ഥലത്തും ലോക്ക് ഡൗൺ ഫലപ്രദമല്ല. യാതൊരു ആധുനിക സംവിധാനങ്ങളുമില്ലാത്ത ചെറിയ ക്ലിനിക്കുകളാണ് അവിടെയുള്ളത്. ഇവിടെഇന്ത്യക്കാരെ ചികിത്സിക്കാൻ ഡോക്ടർമാർ തയാറാകുന്നില്ല.കടുത്ത നടുവേദനയിൽ കഴിയുന്ന കൊല്ലം സ്വദേശിയായ യുവാവ് ചികിത്സകിട്ടാതെ ആഴ്ചകളായി വേദനസംഹാരി കഴിച്ചാണ് കഴിയുന്നത്.
സുഡാനിൽ ജോലിചെയ്യുന്ന ഹരിപ്പാട്
സ്വദേശി സുജിത് സുബ്രപാലൻ
പ്രവാസികൾക്ക് മുന്നിൽ
വിദേശകമ്പനികൾ ശമ്പളം വെട്ടിക്കുറച്ചു
ജോലി സ്ഥിരത ഇല്ല
വായ്പാ തിരിച്ചടവുകൾ മുടങ്ങി
നാട്ടിൽ പുതിയ ജോലി തേടണം
വിദേശത്ത് ആരോഗ്യ സുരക്ഷ വെല്ലുവിളി
"ഒരുവർഷക്കാലത്തെ പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് കൊറോണ ഭീതി പരത്തുംമുമ്പ് മുമ്പ് അവധിക്കായി നാട്ടിലെത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് തിരിച്ചു പോകാൻ സാധിച്ചില്ല. ഇതോടെ കാര്യങ്ങൾ തകിടം മറിഞ്ഞു. വായ്‌പാ തിരിച്ചടവുകൾ മുടങ്ങുന്ന സ്ഥിതിയാണ്. എങ്കിലും ഈ കറുത്ത ദിനങ്ങൾ മാറി എല്ലാം നന്നായി വരും എന്ന ശുഭപ്രതീക്ഷയിലാണ്.
- ആർ രതീഷ് (ഓഫിസ് അഡ്മിൻ ക്ലർക്ക്, യു.എ.ഇ)
'' തിരിച്ചെത്തിയാൽ ജോലികാണുമെന്ന് യാതൊരു ഉറപ്പുമില്ലാത്തതിനാൽ നാട്ടിലേക്ക് വരുന്നില്ല
സുനിൽ സുകുമാരൻ (സലാലയിൽ കമ്പനി ജീവനക്കാരൻ)