ആലപ്പുഴ :ബൈക്കിലെത്തിയ രണ്ടംഗ സംഘം ഹോം സ്റ്റേയ്ക്കു നേരെ ആക്രമണം നടത്തുകയും ഉടമയുടെ വീട്ടിലെത്തി ഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. ആറാട്ടുവഴിക്ക് സമീപമുള്ള മീര ഹോളിഡേയ്‌സ് എന്ന സ്ഥാപനത്തിനു നേരെ ബുധനാഴ്ച രാവിലെ പത്തരയോടെയാണ് ആക്രമണമുണ്ടായത്. അടച്ചിട്ടിരുന്ന കെട്ടിടം തുറക്കാൻ ശ്രമിച്ച സംഘം നിരീക്ഷണ ക്യാമറ അഴിച്ചുമാറ്റി കൊണ്ടുപോവുകയും ചെയ്തു. തുടർന്ന് ഇതിന് സമീപം, ഉടമ ജേക്കബ് താമസിക്കുന്ന വീട്ടിലെത്തിയ സംഘം ഭീഷണി മുഴക്കുകയായിരുന്നു. ഈ സമയം ജേക്കബിന്റെ ഭാര്യ പ്രീതിയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീട്ടിൽ നിന്നു മാറുകയും ഹോംസ്റ്റേ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ഭർത്താവിനെ വെള്ള പുതപ്പിച്ചു കിടത്തുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതായി പ്രീതി സി.സി ടിവി ദൃശ്യങ്ങൾ സഹിതം ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.