ചാരുംമൂട് : ഹൈടെക് വ്യാജ വാറ്റ് കേന്ദ്രത്തിൽ നിന്ന് എക്സൈസ് റെയ്ഡിൽ 20 ലിറ്റർ ചാരായവും 70 ലിറ്റർ കോടയും പിടികൂടി.വള്ളികുന്നം കടുവിനാൽ തറയിൽ കിഴക്കതിൽ അഭയനെ(45) അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ എക്സൈസ് സംഘം നടത്തിയ റെയ്ഡിഡിലാണ് ഇയാളെ പിടികൂടിയത്. വാറ്റാനുപയോഗിച്ച ഗ്യാസടുപ്പ്, ഗ്യാസ് സിലിണ്ടർ, വാറ്റുപകരണങ്ങൾ തുടങ്ങിയവയും കണ്ടെടുത്തു.
ചാരായം വാറ്റുമ്പോൾ വെള്ളം തണുപ്പിക്കുന്നതിന് വേണ്ടി ബാത്ത് റൂമിന്റെ ഷവറിൽ നിന്നും അധുനിക രീതിയിൽ കണക്ഷൻ നൽകിയിരുന്നു. ഒരു ലിറ്റർ ചാരായത്തിന് 2000 മുതൽ 3000 രൂപ നിരക്കിലാണ് ആവശ്യക്കാർക്ക് ഇയാൾ നൽകിയിരുന്നത്.ഇയാളോടൊപ്പം ചാരായ വാറ്റിനും വിതരണത്തിന്നും സഹായിച്ചവരെപ്പറ്റിയും വിവരം ലഭിച്ചിട്ടുണ്ടെന്ന് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഷുക്കൂർ പറഞ്ഞു. സന്തോഷ് കുമാർ സി.ഇ.ഒ മാരായ രാജീവ് , ശ്യാംജി , സിനുലാൽ, അനു എന്നിവരും റെയ്ഡിൽ പങ്കെടുത്തു.