ആലപ്പുഴ: അടച്ചിട്ടിരുന്ന ബേക്കറി വൃത്തിയാക്കുന്നതിനിടെ ഒന്നരമാസം പ്രായമുള്ള എട്ട് മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടി. ഇന്നലെ രാവിലെ 11.30മണിയോടെ പാതിരപ്പള്ളി ജംഗ്ഷന് പടിഞ്ഞാറു വശത്ത് ലൈജു സുനിലിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന കാരുണ്യ ബേക്കറിയിലാണ് പാമ്പുകളെ കണ്ടത്. ലോക്ക് ഡൗണിനെ തുടർന്ന് ബേക്കറി മാർച്ച് 23മുതൽ അടച്ചിരുന്നു. നിയന്ത്രണത്തിൽ ഇളവ് നിലവിൽ വന്നതിനെ തുടർന്ന് ഏപ്രിൽ 16മുതൽ കട തുറന്ന് ഭാഗികമായി പ്രവർത്തിച്ചിരുന്നു. ഇന്നലെ കടതുറന്നതിന് ശേഷം ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന വേസ്റ്റ് നീക്കം ചെയ്യുന്നതിനിടെ ഒരു പാമ്പ് ഇഴഞ്ഞു ഉള്ളിലേക്ക് കയറുന്നത് കണ്ട് ഭയന്ന ലൈജു പുറത്തേക്ക് ഇറങ്ങി. ഉടൻ ഫയർഫോഴ്സിനെയും ഫോറസ്റ്റിനെയും അറിയിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തി ആദ്യം ഒരു പാമ്പിൻ കുഞ്ഞിനെ പിടിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റ് എഴെണ്ണത്തെകൂട‌ി കണ്ടെത്തി. ഒരുമണിക്കൂർ കടയുടെ അകത്ത് വെള്ളം പമ്പ് ചെയ്തെങ്കിലും കുഞ്ഞുങ്ങൾക്കൊപ്പമുണ്ടായിരുന്ന വലിയ മൂർഖനെ പിടികൂടാനായില്ല. ഭിത്തിയുടെ ഭാഗത്തുള്ള വിടവിലൂടെ പാമ്പ് കടമുറിക്ക് ഉള്ളിൽ കയറി മുട്ടയിട്ടതാണെന്ന് കരുതുന്നു.