മാവേലിക്കര: ഗൾഫ് നാടുകളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരാനുള്ള വിമാനടിക്കറ്റിന്റെ ചെലവ് പ്രവാസികൾ സ്വയം വഹിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് തിരുത്തണമെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. മടങ്ങിവരാൻ ആഗ്രഹിക്കുന്നവരിൽ ബഹുഭൂരിപക്ഷവും പാവപ്പെട്ട പ്രവാസി തൊഴിലാളികളാണ്. അവരിൽ മഹാഭൂരിപക്ഷവും ലേബർ ക്യാമ്പുകളിൽ തൊഴിൽ നഷ്ടപ്പെട്ടും ശമ്പളം ലഭിക്കാതെയും കഴിയുന്നവരും തൊഴിൽ തേടി പോയവരും വിസയുടെ കാലാവധി തീർന്നവരുമാണ്. ആർക്കും സൗജന്യ യാത്രയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് പ്രവാസികളോട് കാട്ടുന്ന അവഗണയാണെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.