ചേർത്തല: നാളുകൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വത്തിനും വിരാമമിട്ട് ജന്മനാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളെ സ്വാഗതം ചെയ്യുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന പ്രോട്ടോക്കോൾ കർശനമായി എല്ലാവരും പാലിക്കണം. മടങ്ങിയെത്തിയ പ്രവാസികളും അവരുടെ കുടുംബാംഗങ്ങളും മാത്രമല്ല, പൊതുസമൂഹമാകെ അവർക്കൊപ്പം ജാഗ്രതയോടെ നിലകൊള്ളണം. സാമൂഹിക അകലം പാലിച്ചും ശുചിത്വം ശീലിച്ചും പുതിയൊരു ജീവിതരീതി രൂപപ്പെടുത്തണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഒരുപാട് സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി കടൽ കടന്നവരുടെ കൂട്ടത്തിൽ ഒന്നും നേടാതെ മടങ്ങിവരുന്നവരും, സ്വപ്‌നം പാതിവഴിയിൽ ഉപേക്ഷിച്ചവരുമൊക്കെയുണ്ടാകും. എല്ലാത്തിനുമുപരിയാണ് ജീവനെന്ന് ആശ്വസിക്കുക മാത്രമാണ് ശരിയായ മാർഗം.വിഭാഗീയതകൾ മാറ്റിവച്ചാൽ, ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് നേടാനാവാത്തതായി ഒന്നുമില്ല. നഷ്ടസൗഭാഗ്യങ്ങളെക്കുറിച്ച് ഓർത്ത് വേവലാതിപ്പെടാതെ ഉറ്റവർക്കും ഉടയവർക്കുമൊപ്പം എത്തിയെന്ന സംതൃപ്തിയിൽ ആയുരാരോഗ്യസൗഖ്യം വീണ്ടെടുത്ത് മുന്നേറാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.