ആലപ്പുഴ: ഏതുനിമിഷവും പൂട്ടാവുന്നനിലയിൽ കൊതുകു കണക്കെടുപ്പിലൊതുങ്ങിയ സംസ്ഥാന വൈറോളജി ലാബിനെ പകർച്ചവ്യാധി പഠനത്തിന്റെ ആസ്ഥാനമാക്കി മാറ്റാൻ പ്ളാനിംഗ് ബോർഡ് നിർദേശം.
ആലപ്പുഴ ജനറൽ ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഇൻഫെക്‌ഷ്യസ് ഡിസീസ് എന്ന പേരിൽ വിപുലീകരിക്കാനാണ് ശുപാർശ. ഒരു പരിശോധനയും നടക്കാത്ത സ്ഥാപനം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടായി തുടരേണ്ട ആവശ്യമില്ല. നിർദേശം ആരോഗ്യവകുപ്പിനു മുന്നിൽ പ്ലാനിംഗ് ബോർഡ് അവതരിപ്പിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ
സംസ്ഥാന ബഡ്ജറ്റിൽ 25 ലക്ഷം നീക്കിവച്ചെങ്കിലും ഒരു രൂപ പോലും വിനിയോഗിക്കാൻ കഴിഞ്ഞില്ല. പ്രളയത്തിന്റെ കുത്തൊഴുക്കിൽ പ്രഖ്യാപനം ജലരേഖയായി.
സമഗ്ര നവീകരണം ലക്ഷ്യമിട്ട് 2019-20 ബഡ്ജറ്റിൽ 25 ലക്ഷമാണ് അനുവദിച്ചത്. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ മാതൃകയിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഇൻഫെക്‌ഷ്യസ് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെടുത്തിയാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പദ്ധതി യാഥാർത്ഥ്യമാക്കണമെന്ന് പ്ലാനിംഗ് ബോർഡ് നിർദേശിക്കുന്നു.
പ്രവർത്തനവും ലക്ഷ്യവും
1. വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ മൂലമുണ്ടാക്കുന്ന പകർച്ചവ്യാധികളെ കുറിച്ചുള്ള പഠനം, ഗവേഷണം, രോഗ നിയന്ത്രണം .
2.നിപ്പ, കാെവിഡ് 19 പോലുള്ള പുതിയ വ്യാധികൾ റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ പഠന സംഘങ്ങളെ രൂപീകരിക്കേണ്ടി വന്നു. സ്ഥിരമായി ഒരു കേന്ദ്രം യാഥാർത്ഥ്യമായാൽ എന്തൊക്കെ രോഗങ്ങൾ വരാൻ സാദ്ധ്യതയുണ്ടെന്നുൾപ്പെടെ മുൻകൂട്ടി മനസിലാക്കാം.
3. ഇൻസ്റ്റിട്ട്യൂട്ടിന്റെ പ്രവർത്തനവും ഘടനയും എങ്ങനെയാവണമെന്ന് വിശദപഠനം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.