ചേർത്തല:മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുന്ന കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ തോടു നികത്തുന്നതായി പരാതി.രണ്ടാംവാർഡിൽ തോട്ടുകടവിൽ സ്വകാര്യ തോടാണ് കയർഅവശിഷ്ടങ്ങളിട്ടു നികത്തുന്നത്.രാസമാലിന്യങ്ങൾ തോട്ടിൽ നിറഞ്ഞത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും വഴിവെക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.താഴ്ന്ന പ്രദേശമായ ഇവിടെ വർഷകാലത്ത് രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടാറുണ്ട്. ഇതിനെതിരെ പഞ്ചായത്തിലും വില്ലേജിലും തഹസിൽദാർക്കും പരാതി നൽകി ആറ് മാസം കഴിഞ്ഞെങ്കിലും സ്റ്റോപ്പ് മെമ്മോ നൽകിയതല്ലാതെ തുടർനടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജില്ലാകളക്ടർക്കും ആർ.ഡി.ഒക്കും പരാതി നൽകി.
എന്നാൽ സ്വകാര്യതോട്ടിലേക്കുള്ള നീരൊഴുക്ക് തടസപ്പെടാതിരിക്കാൻ പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് നിർമ്മിക്കാൻ പ്രദേശവാസികൾ ഒന്നടങ്കം ആവശ്യപ്പെട്ടപ്പോൾ അനുമതി നൽകിയിരുന്നതായി കടക്കരപ്പള്ളി പഞ്ചായത്ത് അധികൃതർ പറഞ്ഞു.വ്യക്തിപരമായ വിഷയങ്ങളാകാം പരാതിക്ക് പിന്നിലെന്ന് സംശയിക്കുന്നതായും അധികൃതർ
ചൂണ്ടിക്കാട്ടി.