വേലിയിലിരുന്ന പാമ്പിനെയെടുത്ത അവസ്ഥയിലായിപ്പോയി ആലപ്പുഴ ജില്ലാ കോൺഗ്രസ് നേതൃത്വവും അതിന്റെ ഗൃഹനാഥനായ എം.ലിജുവും.പാർട്ടിയുടെ അഖിലേന്ത്യാ പരമാധികാരി സോണിയാ മാഡത്തിന്റെ വാക്കുകേട്ടാണ് ലിജുവും കൂട്ടരും ആവേശത്തോടെ എടുത്തുചാടിയത്. പാർട്ടിയിലെ മുൻകാല അനുഭവ വീരന്മാർ അപ്പോഴേ പറഞ്ഞു ' ആറ്രിലേക്ക് അച്യുതാ ചാടല്ലേ ചാടല്ലേ.. എന്ന്. എവിടെ കേൾക്കാൻ.. വരാനിരിക്കുന്നത് വഴിയിൽ തങ്ങില്ലല്ലോ ?
ആലപ്പുഴ ജില്ലയിൽ നിന്ന് 'ബഹുത്ത് അച്ഛാ' പറഞ്ഞ് ബീഹാറിലേക്ക് ട്രെയിനിൽ പുറപ്പെട്ട ആദ്യ അന്യസംസ്ഥാന തൊഴിലാളി സംഘത്തിന് ടിക്കറ്റ് തുക നൽകാൻ നടത്തിയ ശ്രമമാണ് സർവത്ര വിവാദത്തിലായത്. ജില്ലയിൽ ആകെയുണ്ടായിരുന്ന 19,000 അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് അച്ചടക്കമുള്ള 1140 പേരെ ബീഹാറിലേക്ക് അയയ്ക്കാൻ തൊഴിൽ വകുപ്പും റവന്യു വകുപ്പും കഷ്ടപ്പെട്ട് കണ്ടുപിടിച്ചത്.ബീഹാറെന്ന് പറഞ്ഞാൽ ബംഗാളെന്ന് കേൾക്കുന്ന ഇക്കൂട്ടരെ ഏറെ പണിപ്പെട്ടാണ് സർക്കാർ അംഗീകൃത സാമൂഹ്യ അകലം പാലിച്ച് റെയിൽവെ സ്റ്റേഷനിലെത്തിച്ചതും.
930 രൂപയാണ് ഒരാൾക്ക് വേണ്ട ടിക്കറ്ര് ചാർജ്ജ്.സർക്കാർ ഇത് നൽകുന്നില്ലെങ്കിൽ , സംസ്ഥാനത്തെ പി.സി.സികൾ നൽകണമെന്നായിരുന്നു ഡെൽഹിയിലെ മാഡത്തിന്റെ ശാസനം.
ഇതനുസരിച്ചാണ് , ചായയ്ക്കൊപ്പം ചെറുകടി പോലും കഴിക്കാതെ ഡി.സി.സി സ്വരുക്കൂട്ടിയ പണത്തിൽ നിന്ന് 10,60,200 രൂപയുടെ ചെക്കുമായി ഡി.സി.സി പ്രസിഡന്റ് എം.ലിജു ജില്ലാ കളക്ടറെ സമീപിച്ചത്.കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂറും ഷാനിമോൾ ഉസ്മാൻ എം.എൽ.എയുമടക്കമുള്ളവർ നാക്കിന് മാസ്ക്കുകൊണ്ട് വിലങ്ങിട്ട് ലിജുവിനൊപ്പം നിന്നു. ഈ ആവശ്യത്തിന് ആരിൽ നിന്നും പണം സ്വീകരിക്കരുതെന്ന 'പിണറായി വഹ' ഉഗ്രശാസനം ജില്ലാ കളക്ടർ വേദനയോടെ അറിയിച്ചു. പ്രതിഷേധം വേണ്ടത്ര ഫലിക്കാതെ പോയതിൽ കുണ്ഠിതപ്പെട്ടാണ് നേതാക്കൾ കളക്ട്രേറ്റിന്റെ പടിയിറങ്ങിയത്.'നനഞ്ഞിറങ്ങിയാൽ കുളിച്ചു കയറണ'മെന്ന തത്വം ഷുക്കൂറിനും ലിജുവിനും ആരും ട്യൂഷനെടുത്ത് പഠിപ്പിക്കേണ്ടതില്ലല്ലോ. കളക്ട്രേറ്റിന് മുന്നിലെ മരത്തണലിൽ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.പാവം ലിജുവിന്റെ 41-ാം പിറന്നാൾ ദിനത്തിലാണ്, പിറന്നാൾസദ്യ ഉണ്ണാതെ, ഒട്ടിയവയറുമായി കളക്ട്രേറ്റിന് മുന്നിൽ കുത്തിയിരിക്കേണ്ടി വന്നത്. ജില്ലാ നേതൃത്വത്തിന് ഇത്തിരി പൊളിറ്റിക്കൽ ഉത്തേജനം ഇതിലൂടെ കിട്ടുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും സംഭവിച്ചത് മറിച്ചും.
'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം' എന്ന ചൊല്ലുപോലെ ചില കുഴിത്തുരുമ്പുകൾ തൊട്ടടുത്ത ദിവസം തന്നെ സോഷ്യൽ മീഡിയ തുഴഞ്ഞ് രംഗത്തിറങ്ങി. അന്യസംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റെടുക്കാൻ ഡി.സി.സി നൽകിയത് വണ്ടിച്ചെക്കെന്നായിരുന്നു ,ചെക്കിന്റെ പടം സഹിതം അവർ പുറത്തുവിട്ട ആക്ഷേപം.3.86 ലക്ഷം രൂപ മാത്രമുള്ള അക്കൗണ്ടിലെ ചെക്കാണ് കളക്ടറെ ഏൽപ്പിക്കാൻ ശ്രമിച്ചതെന്നായിരുന്നു ഫേസ് ബുക്ക് പോസ്റ്റ് വഴി പുറത്തുവിട്ട വിവരം. സംഭവമറിഞ്ഞതോടെ എം.ലിജു വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച് ആണയിട്ട് പറഞ്ഞു ' ആലപ്പുഴ ഡി.സി.സിയുടെ ചെക്ക് അങ്ങനല്ല ' എന്ന്.കൃത്യമായ തുക പറഞ്ഞില്ലെങ്കിലും അതിൽ കൂടുതലൊക്കെ അക്കൗണ്ടിലുണ്ടെന്നും അദ്ദേഹം സധൈര്യം പറഞ്ഞപ്പോൾ, കൂടെയുണ്ടായിരുന്നവരും വെറുതെ ഒന്നു ഞെട്ടി. അക്കൗണ്ടിൽ പണമുണ്ടെന്ന് തെളിയിക്കാൻ ബാങ്കിൽ നിന്നുള്ള രേഖകളും (കൈരേഖയല്ല) പുറത്തുവിട്ടു.തന്റെ മാനം കളഞ്ഞവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുരേഖകൾ സഹിതം മുഖ്യമന്ത്രി, ഡി.ജി.പി,ജില്ലാ പൊലീസ് മേധാവി, കണ്ടാലറിയാവുന്ന കുറച്ച് പൊലീസ് ഓഫീസർമാർ എന്നിവർക്കെല്ലാം പരാതി നൽകിയിരിക്കുകയാണ് ലിജു.
ഇതു കൂടി കേൾക്കണേ
ടിക്കറ്രിന് തങ്ങൾ നൽകിയ പണം അധികൃതർ സ്വീകരിക്കുന്നില്ലെങ്കിൽ, അടുത്ത ഘട്ടത്തിൽ നാട്ടിലേക്ക് പോകുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വഴിച്ചെലവിന് അക്കൗണ്ടിൽ പണമിട്ടു കൊടുക്കുമെന്ന് ശപഥം ചെയ്താണ് ലിജുവും കൂട്ടരും കളക്ട്രേറ്റ് പടിക്കൽ നിന്ന് മടങ്ങിയത്. പക്ഷെ അതും മനുഷ്യത്വമില്ലാത്ത ജില്ലാ ഭരണകൂടം തടസപ്പെടുത്തി. കാരണം മടങ്ങിപ്പോകുന്ന തൊഴിലാളികളുടെ വിലാസവും അക്കൗണ്ട് നമ്പരും കൊടുത്തെങ്കിലല്ലേ ഡി.സി.സിക്കാണെങ്കിലും പണമിട്ടു കൊടുക്കാൻ സാധിക്കൂ. അങ്ങനെ ആകെ വിഷണ്ണരായി കഴിയുമ്പോഴാണ് കൂനിന്മേൽ കുരുവെന്നപോലെ ഒരു വിവരം ചോർന്നു കിട്ടുന്നത്-ഡി.സി.സി നൽകാൻ ശ്രമിച്ചത് വണ്ടിച്ചെക്കാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് ഡി.സി.സി ഓഫീസിന്റെ ഉത്തരക്കൂട്ടിൽ തന്നെയുള്ളവരാണെന്ന് -പാവം കമ്യൂണിസ്റ്റുകാരെ വെറുതെ സംശയിച്ചു.