പട സ്വന്തം പാളയത്തിലെന്ന് സൂചന
ആലപ്പുഴ: അന്യസംസ്ഥാന തൊഴിലാളികൾക്ക് ട്രെയിൻ ടിക്കറ്റിന്റെ പണം നൽകാൻ ഡി.സി.സി പ്രസിഡന്റ് എം.ലിജു കളക്ടറെ ഏൽപ്പിക്കാൻ കൊണ്ടുപോയത് വണ്ടിചെക്കാണെന്ന ആക്ഷേപത്തിന് പിന്നിൽ സ്വന്തം പാർട്ടിക്കാരെന്നും സംശയം. പാർട്ടി ജില്ലാ നേതൃത്വം ഇക്കാര്യം നിഷേധിച്ചെങ്കിലും ചില സൂചനകൾ കിട്ടിയെന്നാണ് അറിയുന്നത്.
ആക്ഷേപം ഉന്നയിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടവർക്കെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കും ഡി.സി.സി പ്രസിഡന്റ് പരാതി നൽകിയിട്ടുണ്ട്. ഒരാൾക്ക് 930 രൂപ ടിക്കറ്ര് നിരക്കിൽ 1140 തൊഴിലാളികൾക്കായി 10,60,200 രൂപയുടെ ചെക്കാണ് കളക്ടർക്ക് കൈമാറാൻ കൊണ്ടുപോയത്.തൊഴിലാളികളുടെ യാത്രാ ചെലവ് പി.സി.സികൾ നൽകണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നേതാക്കൾ ചെക്കുമായി ചെന്നെങ്കിലും സർക്കാർ അനുമതി ഇല്ലാത്തതിനാൽ കളക്ടർ ചെക്ക് വാങ്ങിയില്ല. 3.80 ലക്ഷം രൂപ മാത്രമുള്ള അക്കൗണ്ടിലെ ചെക്കാണ് നൽകാൻ ശ്രമിച്ചതെന്നായിരുന്നു ചെക്കിന്റെ ചിത്രം സഹിതം ഫേസ്ബുക്ക് പോസ്റ്രിൽ വന്ന ആക്ഷേപം.മതിയായ പണം ഡി.സി.സി യുടെ അക്കൗണ്ടിലുള്ളപ്പോഴാണ് ഈ ആരോപണം ഉയർന്നത്.
അക്കൗണ്ടിൽ പണമുണ്ട്
ഡി.സി.സി പ്രസിഡന്റ് അടുത്ത സമയത്ത് നടത്തിയ പദയാത്രയുടെ ഭാഗമായി ലഭിച്ച ഫണ്ടുൾപ്പെടെ ബാങ്കിലുണ്ട്.കെട്ടിട വാടകയിനത്തിൽ കൂടി വരുമാനമുള്ളതിനാൽ ഡി.സി.സിക്ക് നിലവിൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ആരോപണത്തിനു പിന്നിൽ
ഡി.സി.സി ആസ്ഥാനവുമായി അടുത്ത ബന്ധമുള്ള ചിലരാണ് ഇപ്പോഴത്തെ ആക്ഷേപത്തിന് പിന്നിലെന്നാണ് കേൾക്കുന്നത് . നേതൃത്വത്തോടുള്ള അപ്രീതിയാണത്രെ ഇതിന് കാരണം.
അന്വേഷണില്ലെങ്കിൽ കോടതിയെ സമീപിക്കും: ലിജു
ഡി.സി.സിക്കെതിരെ ഉയർന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ഡി.ജി.പിയും അടക്കമുള്ളവർക്ക് പരാതി നൽകിയിട്ടും കാര്യമായ ഒരു നടപടിയും ഉണ്ടായില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു പറഞ്ഞു. ഇതേ വരെ ബന്ധപ്പെട്ടവരുടെ മൊഴി എടുക്കാൻ പോലും തയ്യാറായിട്ടില്ല.മനപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.
കോൺഗ്രസുമായി ബന്ധമുള്ള ആരും ഇതിന് പിന്നിലില്ലെന്നും ലിജു വ്യക്തമാക്കി. പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും.