ഹരിപ്പാട് : സുഭിക്ഷ കേരളം പദ്ധതി പ്രകാരം കരുവാറ്റ ഗ്രാമ പഞ്ചായത്തിലെ തരിശ് നിലങ്ങളിൽ കൃഷി ആരംഭിച്ചു. ചുടുകാട്ടിൽ പാടത്തിൽ അവശേഷിക്കുന്ന ഒരു ഏക്കർ എട്ട് സെന്റ് സ്ഥലത്താണ് കരുവാറ കൃഷിഭവനും പഞ്ചായത്തും സംയുക്തമായി വിത്ത് വിതച്ചത്.
വരുന്ന ദിവസങ്ങളിൽ ഇതിനോട് ചേർന്ന് മറ്റ് തരിശ് സ്ഥലങ്ങളിലും കൃഷി ചെയ്യാൻ കർഷകർ തയ്യാറായി വന്നിട്ടുണ്ട്. മനു രത്ന ഇനം നെൽ വിത്താണ് വിതച്ചത്. കർഷകനും സ്ഥല ഉടമയുമായ ബെന്നി. പി. എബ്രഹാം, പ്രദേശവാസികൾ എന്നിവരുടെ പിന്തുണയോടെയാണ് കൃഷി. നൂറനാട് കൃഷിഭവൻ പരിധിയിലെ പെരുവേലിച്ചാൽ പാടശേഖരത്തിൽ കൃഷി ചെയ്ത ബിജു ഏബ്രഹാം എന്ന കർഷകനിൽ നിന്ന് കിലോ ഗ്രാമിന് 38രൂപ നിരക്കിൽ ആണ് വിത്ത് ശേഖരിച്ചത്. കൃഷിക്ക് ആവശ്യമായ എല്ലാ സഹായവും പരമാവധി സബ്‌സിഡികളും ലഭ്യമാകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫീസറും അറിയിച്ചു. വിത്തിടീൽ പഞ്ചായത്ത് പ്രസിഡന്റ് സി.സുജാത നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കളരിക്കൽ, വാർഡ് മെ ംബർമാരായ കെ.ആർ രാജൻ, നന്ദകുമാർ , സുലോചന, കൃഷി ഓഫീസർ മഹേശ്വരി , അസി. കൃഷി ഓഫീസർ മനോജ് മാത്യു എന്നിവർ പങ്കെടുത്തു.