നിരീക്ഷണത്തിലുള്ളത് 11 പേർ

ആലപ്പുഴ:വ്യാഴാഴ്ച രാത്രി അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്‌സ്പ്റസ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്ന ആലപ്പുഴ ജില്ലക്കാരായ ആറ് പുരുഷൻമാരും നാല് സ്ത്രീകളും ഉൾപ്പെടെ 10 പേരെ കൊവിഡ് കെയർ സെൻറർ ആയ തണ്ണീർമുക്കം കെ.ടി.ഡി.സി യിൽ എത്തിച്ചു.

പുലർച്ചെ മൂന്നരയോടെയാണ് നെടുമ്പാശ്ശേരിയിൽ നിന്ന് സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസിൽ ഇവർ തണ്ണീർമുക്കത്ത് എത്തിയത്. 14,15 വയസുള്ള രണ്ട് ആൺകുട്ടികളും 60 വയസുള്ള പുരുഷനും സംഘത്തിലുണ്ട്.ബാക്കിയുള്ളവർ 50 വയസിൽ താഴെയുള്ളവരാണ്. ചേർത്തല തഹസിൽദാർ ആർ. ഉഷ, ഹെൽത്ത് ഇൻസ്‌പെക്ടർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ 15 പേരും കരിപ്പൂരിൽ വിമാനമിറങ്ങിയ രണ്ടുപേരും അടക്കം 17 പ്രവാസികളാണ് ആലപ്പുഴ ജില്ലയിൽ തിരികെ എത്തിയത്. ഇതിൽ കരിപ്പൂരിൽ വിമാനമിറങ്ങിയ രണ്ടുപേരും നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ നാലുപേരും, സർക്കാർ നിർദ്ദേശം അനുസരിച്ച്, വീടുകളിൽ ഐസോലേഷനിൽ കഴിയാൻ അനുമതി ലഭിച്ചവരാണ്. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ 10പേരെയാണ് തണ്ണീർമുക്കത്ത് എത്തിച്ചത്.

ക്വാറന്റൈനിലുള്ള പ്രവാസികളുടെ ആരോഗ്യ സ്ഥിതി ജില്ലാ മെഡിക്കൽ ഓഫീസറുടെ കീഴിലുള്ള സംഘം വിലയിരുത്തുന്നുണ്ട്. ആവശ്യമുള്ളവർക്ക് വൈദ്യ സഹായവും നൽകും.

മ​റ്റ് സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ചെക്ക് പോസ്​റ്റുകളിലൂടെ ജില്ലയിൽ ഇതുവരെ എത്തിയത് 547 പേരാണ്. 1567 പേർക്കുള്ള പാസാണ് നൽകിയത്. 547 പേരിൽ റെഡ് സോണിൽ നിന്ന് വന്ന 102 പേരെ കൊവിഡ് കെയർ സെൻററുകളിലേക്ക് മാ​റ്റി.