ആലപ്പുഴ: അമ്മയല്ല, പക്ഷേ എല്ലാവർക്കും അമ്മയാണ്. അമ്മയെന്നു ചേർത്തില്ലെങ്കിൽ ആ പേരു പോലും പൂർണ്ണമാവില്ല. അതാണ് കെ.ആർ. ഗൗരിഅമ്മ. ചാത്തനാട് കളത്തിപ്പറമ്പിൽ വീട്ടിൽ സമ്പൂർണ്ണ വിശ്രമത്തിലാണെങ്കിലും കൊവിഡിന്റെ 'ഭീതി' കാരണം ശുണ്ഠി അല്പം കൂടിയിട്ടുണ്ട്. ഒരാളെപ്പോലും അടുപ്പിക്കുന്നില്ല. കേരളത്തിലെ തലമുതിർന്ന ഈ അമ്മയുടെ വാത്സല്ല്യം ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ളവർ അതുമറക്കില്ല.

വയസ് 102 ലേക്ക് അടുക്കുമ്പോഴും ആലപ്പുഴക്കാർക്ക് 'കുഞ്ഞമ്മ'യാണ് ഗൗരിഅമ്മ. അതിഥികൾ ഒഴിയാത്ത കളത്തിപ്പറമ്പിൽ വീട്ടിൽ, ലോക്ക് ഡൗണായതോടെ ആരും എത്തുന്നില്ല. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരെത്തി ആരെയും വീട്ടിൽ പ്രവേശിപ്പിക്കരുതെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്. അങ്ങനെ വിരുന്നുകാരില്ലാത്ത അപൂർവ്വകാഴ്ച്ചയിലാണ് കളത്തിപ്പറമ്പിൽ തറവാട്.

കാണാനെത്തുന്നവരെ ആഹാരം നൽകാതെ വിടുന്ന പതിവില്ല ഗൗരിഅമ്മയ്ക്ക്. കെ.ആർ.ഗൗരിഅമ്മയുടെ മാതൃവാത്സല്യം അറിയാത്തവർ കേരള രാഷ്ട്രീയത്തിൽ കുറവാണ്. അതിഥികളുടെ വരവ് മുൻകൂട്ടി അറിഞ്ഞാൽ തീൻമേശയിൽ കരിമീൻ മുതൽ ബീഫ് വരെയുള്ള വിഭവസമൃദ്ധമായ ഭക്ഷണം തയ്യാറായിരിക്കും. അതിഥികളെ അവർക്കൊപ്പമിരുന്ന് ഊട്ടിയയാലേ കുഞ്ഞമ്മയ്ക്ക് സംതൃപ്തിയാകൂ. കാണാൻ വരുന്നവരാരായാലും ഗൗരവത്തിന്റെ സ്വതസിദ്ധശൈലിയിലാണ് സ്വാഗതം ചെയ്യുക. സമയം കടന്നുപോകുന്തോറും സംസാരത്തിൽ നർമ്മവും വാത്സല്യവും കുശലാന്വേഷണങ്ങളും കടന്നു വരും.

മക്കളില്ലാത്ത വിഷമം കൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യത്തിൽ ഇല്ലാതാകുമെന്നാണ് ഗൗരിഅമ്മ പറയാറുള്ളത്. കൂട്ടിനായി, ഏറെ ഇഷ്ടമുള്ള ഉണ്ണിക്കണ്ണന്റെ വിഗ്രഹവുമുണ്ട്. എപ്പോഴും അതിഥികളുടെ ഒഴുക്കായതിനാൽ ഒറ്റപ്പെടൽ അന്യമായിരുന്നു. എന്നാൽ ലോക്ക് ഡൗൺ എത്തിയതോടെ, ബന്ധുവായ ഇൻഡസ് മാത്രമാണ് കൂട്ട്. പുറത്തൊക്കെ പോയി വരുന്നതിനാൽ സുരക്ഷാ ഡ്യൂട്ടിയിലുള്ള പൊലീസുകാരും ഇപ്പോൾ വീട്ടിൽ പ്രവേശിക്കാറില്ല. ഓട്ടം പോകാനാവില്ലെങ്കിലും മിക്ക ദിവസവും ഡ്രൈവർ ജോസ് എത്തി കാര്യങ്ങൾ അന്വേഷിക്കാറുണ്ട്.

കാഴ്ചയിലെ മങ്ങൽ കാരണം പൊലീസുകാരനാണ് പതിവായി രാവിലെ ഉച്ചത്തിൽ പത്രം വായിച്ച് കേൾപ്പിക്കാറുള്ളത്. ഇപ്പോൾ ആ പതിവും തെറ്റി. ചാനൽ വാർത്തകൾ കണ്ട് ആനുകാലിക സംഭവങ്ങളെല്ലാം അറിയുന്നുണ്ട്. എന്ത് ലോക്ക് ഡൗണായാലും ശരി, ഉച്ചയൂണിന് മത്തി നിർബന്ധമാണ്. അതും വറുത്തതാണെങ്കിൽ ഏറെ പ്രിയം.