കായംകുളം: കായംകുളം ഫയർ സ്റ്റേഷനിലെ ജീവനക്കാർ ആതുരശുശ്രൂഷയുമായി​ ബന്ധപ്പെട്ട വേറി​ട്ട ഒരു ദൗത്യത്തി​ലാണ്.

കേരളത്തിലേക്ക് വരാൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കാണ് ഇവർ മരുന്ന് എത്തിച്ച് നൽകുന്നത്.

സൗദി, ഒമാൻ, യു.എ.ഇ., ഖത്തർ, ബഹറി​ൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കഴിഞ്ഞ ദിവസങ്ങളിൽ കായംകുളം അഗ്നിരക്ഷാസേന മരുന്നുകൾ അയച്ചുനൽകി.

ഷാർജയിൽ സെയിൽസ് മാൻ ആയ രതീഷിനും മസ്കറ്റിൽ ബിസിനസ് ചെയ്യുന്ന ഞക്കനാൽ ചെറുതിട്ട വീട്ടിൽ ധർമ്മദാസിനുള്ള മരുന്നും കായംകുളത്തു നിന്നും തിരുവനന്തപുരം ചാക്ക ഫയർ സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്ന് എയർ കാർഗോ വഴി ഷാർജയിലേക്കും ഒമാനിലേക്കും അയച്ചു.

സൗദിഅറേബ്യയിലെ തായിഫ് കിംഗ്ഫൈസൽ ഹോസ്പിറ്റലിൽ നഴ്സ് ആയ പ്രിയയ്ക്ക് ഭർത്താവ് അരുൺദാസ്, റിയാദിൽ ജോലി ചെയ്യുന്ന ഷംസുദ്ദീന് മകൾ നീതു എന്നി​വർ എത്തിച്ചു നൽകിയ മരുന്ന് എറണാകുളം ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ എത്തിച്ചു. അവിടെനിന്ന് സൗദിയിലേക്ക് അയക്കുകയും ചെയ്തു. ബഹ്റിനിൽ ജോലി ചെയ്യുന്ന വിഷ്ണുവിനായി അമ്മ ഇലിപ്പക്കുളം കടുത്തിരേത്ത് വീട്ടിൽ ഷീബ, ഖത്തറിൽ ജോലി ചെയ്യുന്ന മധുഭാസ്കരന് ഭാര്യ രാധാമണി, ഷാർജയിൽ ജോലി ചെയ്യുന്ന സന്തോഷിനായി ഭാര്യ ഏവൂർ കൊച്ചുകളീക്കൽ വീട്ടിൽ ജിഷ എന്നി​വർ എത്തിച്ചു നൽകിയ മരുന്ന് എന്നിവ എറണാകുളം ഗാന്ധിനഗർ നിലയത്തിൽ എത്തിച്ചു. അവിടെ നിന്നും നെടുമ്പാശേരി എയർപോർട്ട് വഴി വിദേശത്തേക്ക് അയക്കുകയും ചെയ്തു.

അബുദാബിയിൽ മക്കളോടൊപ്പം താമസിക്കുന്ന കായംകുളം സ്വദേശിയായ ഹൗലത്ത്, ഷാർജയിൽ ജോലി ചെയ്യുന്ന കായംകുളം സ്വദേശി റെനീഷ് എന്നിവർക്കുള്ള മരുന്ന് പൊന്നാനി ഫയർസ്റ്റേഷനിൽ എത്തിക്കുകയും അവിടെനിന്നും കരിപ്പൂർ വിമാനത്താവളം വഴി വിദേശത്തേക്ക് അയക്കുകയും ചെയ്‌തു.