photo

ചേർത്തല : വിദേശരാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവർ നമ്മുടെ നാട്ടിലെ പ്രകൃതി വിഭവങ്ങൾ വിനിയോഗിച്ചുള്ള തൊഴിൽ അവസരങ്ങൾ കണ്ടെത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.കഞ്ഞിക്കുഴി കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി കിച്ചണിന്റെ സമാപനത്തോടനുബന്ധിച്ച് നടന്ന ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വദേശി വത്കരണത്തിന്റെ പേരിൽ വിദേശരാജ്യങ്ങളിൽ തൊഴിലവസരങ്ങൾ കുറയുകയാണ്.മലയാളികളായ തൊഴിലാളികളിൽ ഭൂരിഭാഗവും ലേബർ ക്യാമ്പുകളിലാണ് താമസിക്കുന്നത്.അഭിമാനബോധത്തിന്റെ പേരിലാണ് പലരും കേരളത്തിലേയ്ക്ക് മടങ്ങി വരാൻ മടിക്കുന്നത്. തുച്ഛവരുമാനത്തിൽ ജോലി ചെയ്തിരുന്ന പ്രവാസികൾ വിദേശത്തേയ്ക്ക് തിരിച്ചു പോകുന്നതിനെ കുറിച്ച് ആലോചിക്കാതെ നാട്ടിൽ തൊഴിൽ കണ്ടെത്തി കുടുംബത്തോടൊപ്പം കഴിയുന്നതാണ് അഭികാമ്യം. മറ്റു രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളെ വേണ്ടെന്ന വിദേശീയരുടെ നിലപാടിനനുസരിച്ച് മാറാൻ നമ്മളും തയ്യാറാകണം.അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കത്തോടെ നാട്ടിൽ പ്രവാസികൾക്കായി തൊഴിലവസരത്തിന്റെ വാതായനങ്ങൾ തുറന്നു കിടക്കുയാണ്.വർഷം തോറും കോടിക്കണക്കിന് രൂപയാണ് അന്യസംസ്ഥാനങ്ങളിലേയ്ക്ക് തൊഴിലാളികളിലൂടെ ഒഴുകിയിരുന്നത്.വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന മലയാളികളായ തൊഴിലാളികൾ ഇവിടെ ജോലി ചെയ്ത് ലഭിക്കുന്ന പണം ഇവിടെ തന്നെ വിനിയോഗിക്കുന്നത് നാടിന്റെ സമഗ്രപുരോഗതിക്ക് സഹായകരമാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.ചെയർമാൻ എസ്.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി,എം.സന്തോഷ്കുമാർ,ബി.സലിം എന്നിവർ പങ്കെടുത്തു.