ആലപ്പുഴ:കൊവിഡിന് ശേഷം കേരളത്തെ പുനർ നിർമ്മിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി മുഖ്യമന്ത്റി പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതി വിജയിപ്പിക്കുന്നതിന് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളെ ഏകോപിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിക്ക് തുടക്കമായി. ഇന്നലെ തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികളോട് വീഡിയോ കോൺഫറൻസിലൂടെ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് സുഭിക്ഷ കേരളം പദ്ധതിയുടെ ജില്ലയിലെ പ്രവർത്തനത്തിന് സമഗ്രമായ മാർഗരേഖ തയ്യാറാക്കിയത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത്, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകേരളം എന്നിവയുടെ ജില്ലാ മേധാവികൾ പങ്കെടുത്തു. നിലവിലെ കൃഷി വ്യാപിപ്പിക്കുന്നതിന് പുതിയ സ്ഥലങ്ങൾ കണ്ടെത്തി കൃഷി നടത്തുന്നതിന് ഇടപെടൽ നടത്തും. ധാന്യങ്ങൾ, പച്ചക്കറി, പശു, ആട്, മുയൽ, മത്സ്യം, പന്നി തുടങ്ങി എല്ലാ ഇനങ്ങളിലും ജില്ലയെ സ്വയംപര്യാപ്തമാക്കാൻ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കാര്യക്ഷമമായ നടപടികളെടുക്കും. പദ്ധതി സംബന്ധിച്ച ഗ്രാമപഞ്ചായത്ത് വാർഡുതല സമിതികൾ 12ന് രൂപീകരിക്കും. പഞ്ചായത്തുതല സമിതികൾ 13ന് രൂപീകരിക്കാനും ഭൂമി സംബന്ധിച്ച വിവരശേഖരണം 15ന് നടത്താനും തീരുമാനിച്ചു. മേയ് 17ന് കാർഷിക കലണ്ടർ തയ്യാറാക്കും.
ജില്ലാതലത്തിൽ അതാത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ അതാത് ജില്ലാ ഓഫീസർമാർ മോണിട്ടർ ചെയ്യും. ഇക്കാര്യത്തിൽ താഴെത്തട്ടിലുള്ള വകുപ്പ് ഉദ്യോഗസ്ഥന്മാരുടെ സേവനം ഗ്രാമപഞ്ചായത്ത് തലത്തിൽ ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻറ് മണിവിശ്വനാഥ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. അശോകൻ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു, പൊതുമരാമത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയപേഴ്‌സൺ കെ. സുമ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ജോൺ തോമസ്, വിശ്വൻ പടനിലം, ജുമൈലത്ത്, ജില്ലാപഞ്ചായത്ത് സെക്റട്ടറി കെ.ആർ. ദേവസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശശികുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലതി മറ്റ് ജില്ലാതല വകുപ്പ് ഉദ്യോസ്ഥർ എന്നിവർ പങ്കെടുത്തു.
..........
3680
3680 കോടി രൂപയാണ്
സുഭിക്ഷ കേരളം
പദ്ധതിയുടെ ചെലവ്
..................
സുഭിക്ഷ കേരളം
കൊവിഡ് സാഹചര്യത്തിൽ സർക്കാർ ആവിഷ്കരിച്ച പദ്ധതി. 3680 കോടി രൂപയുടെ പദ്ധതിയെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തരിശുഭൂമിയിൽ അവരുടെ സഹായത്തോടെയും പങ്കാളിത്തത്തോടെയുമാണ് കൃഷി നടത്തേണ്ടത്. ഓരോ വീട്ടിലും മത്സ്യം വളർത്തണമെന്നും നിർദ്ദേശമുണ്ട്.
ഒരു വർഷത്തെ പദ്ധതി ചെലവ്
കൃഷി - 1449
മൃഗസംരക്ഷണം - 118
ക്ഷീരവികസനം - 215
മത്സ്യബന്ധനം - 2078