a


മാവേലിക്കര: കോവിഡ് മുൻകരുതലുകളും ലോക്ഡൗൺ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കാതെ വാഹനങ്ങളിൽ പറന്നുനടക്കുന്ന യുവതലമുറയെ ബോധവത്കരിക്കാനായി​ ഒരു ഹ്രസ്വ ചി​ത്രം. മോട്ടോർ വാഹന വകുപ്പിന്റെ സഹകരണത്തോടെ യുവാക്കളുടെ അഞ്ചംഗസംഘമാണ് ഹ്രസ്വചിത്രം- വൺ ഹാൻഡ് ഡിസ്റ്റൻസ് ഒരുക്കി​യി​രി​ക്കുന്നത്.

കോവിഡ് കാലത്തെ മാനദണ്ഡങ്ങൾ പാലിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ചുകൊണ്ട് പുറത്ത് കടക്കാൻ ശ്രമിക്കുന്ന കൗമാരക്കാരനും മകന്റെ പ്രവർത്തിയെ ബുദ്ധിപരമായി പരാജയപ്പെടുത്തുന്ന അച്ഛനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. നിയമലംഘനം നടത്തുന്ന കൗമാരക്കാരെ പിടികൂടുന്ന ഉദ്യോഗസ്ഥരായി ഇതിൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർ

തന്നെ വേഷമിടുന്നുണ്ട്.

കൗമാരത്തിന്റെ പക്വതയി​ല്ലായ്മയും അതുമൂലമുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിലൂടെ എടുത്ത് കാണിക്കുന്നത്. മുതിർന്നവർ നൽകുന്ന ഉപദേശങ്ങൾ അനുസരിക്കണമെന്ന സന്ദേശവും ചിത്രം നൽകുന്നു.

മാവേലിക്കര ചെട്ടികുളങ്ങര സ്വദേശികളായ അച്ചുത് കൃഷ്ണ, അനന്തൻ.ആർ, ഗോപീകൃഷ്ണൻ, വിബിൻ കൃഷ്ണൻ.ആർ, ഋഷികേശ് എന്നീ കൗമാരക്കാരും എസ്.ബി.ഐ ചെട്ടികുളങ്ങര ബ്രാഞ്ച് മാനേജർ ശ്രീകുമാർ, മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ്, എം.വി.ഐ എസ്.സുബി, എ.എം.വി.ഐ കുര്യൻ ജോൺ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിൽ പ്രധാന വേഷങ്ങളായ അച്ചന്റെയും മകന്റേയും വേഷം അണിഞ്ഞിരിക്കുന്നത് അനന്തനും എസ്.ബി.ഐ മാനേജർ ശ്രീകുമാറുമാണ്. വിബിൻ കൃഷ്ണൻ.ആർ, ഋഷികേശ് എന്നിവരാണ് കാമറയും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്. കഥയും രചനയും ഗോപീകൃഷ്ണനും സംഗീതം നൽകിയിരിക്കുന്നത് അച്ചുത് കൃഷ്ണനുമാണ്.

റി​ലീസ് യു ട്യൂബി​ൽ

യൂട്യൂബിൽ റി​ലീസ് നടത്തി​യ ഹ്രസ്വചിത്രത്തിന് ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടി​ക്കഴി​ഞ്ഞി​രി​ക്കുന്നു.