ആലപ്പുഴ:വിദേശമലയാളിയുടെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച വിദേശ നിർമ്മിത വിദേശ മദ്യശേഖരം റെയ്ഡ് ചെയ്ത് പിടിച്ചെടുത്തിട്ട് തുടർ നടപടികളിൽ വീഴ്ച വരുത്തിയതിന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്.ഐ കെ.ജി.രതീഷ് ഉൾപ്പെടെ നാലുപേരെ സസ്പെൻഡ് ചെയ്തു.

പ്രൊബേഷൻ എസ്.ഐ സുനേഗ്, സിവിൽ പൊലീസ് ഓഫീസർമാരായ ബിനുലാൽ, അബീഷ് ഇബ്രാഹിം എന്നിവരെയാണ് എറണാകുളം മേഖലാ ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. ലഹരിവേട്ടയ്ക്ക് സൗത്ത് സി.ഐ രൂപീകരിച്ച ഡാർക്ക് ഡെവിൾ സ്ക്വാഡംഗങ്ങളാണിവർ.

സംഭവത്തെക്കുറിച്ച് പ്രാരംഭ അന്വേഷണ നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സാബു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി ആലപ്പുഴ ഡിവൈ.എസ്.പി ജയരാജിനെ ചുമതലപ്പെടുത്തിയിരുന്നു.

മേയ് ഒന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപമുള്ള വീട്ടിൽ വിദേശമദ്യശേഖരം സൂക്ഷിച്ചിട്ടുള്ളതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ രതീഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. വീട്ടിൽ ബാർകൗണ്ടർ മാതൃകയിൽ തയ്യാറാക്കിയിട്ടുള്ള ഭാഗത്ത് അലമാരയിൽ സൂക്ഷിച്ചിരുന്ന 40 കുപ്പി മദ്യം പൊലീസ് എടുത്തുകൊണ്ടുപോയതായി വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ പിടിച്ചെടുത്തതായി പറയപ്പെടുന്ന മദ്യം പൊലീസ് സ്റ്റേഷനിൽ എത്തിയുമില്ല. കേസ് ഒതുക്കാൻ പണം ആവശ്യപ്പെട്ടതായും വീട്ടുകാർ ചില മാദ്ധ്യമങ്ങളോട് പര്തികരിച്ചിരുന്നു.

അനധികൃത മദ്യം പിടികൂടിയെങ്കിലും സ്വീകരിക്കേണ്ട നടപടകളിൽ വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളതെന്നറിയുന്നു.