അമ്പലപ്പുഴ : കോവിഡ് ലക്ഷണങ്ങളുമായി പരിശോധനക്കെത്തിയ തമിഴ്നാട് സ്വദേശി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മുങ്ങി. ഹൗസ് ബോട്ട് ജീവനക്കാരനായ തമിഴ്നാട് ഈറോഡ് അണ്ണാ നഗർ പൂവരശൻ ( 22) ആണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നത്.
ചെന്നൈയിൽ നിന്ന് തിരിച്ചെത്തിയ പൂവരശനും കൂടെ ജോലി ചെയ്യുന്ന ഒരു ബീഹാർ സ്വദേശിയുമായി ഇന്നലെ ഉച്ചക്ക് 12.30 ഓടെ ആശുപത്രിയിലെത്തി. ഇരുവരുടേയും സ്രവമെടുത്ത് പരിശോധനക്കയച്ച ശേഷം ഹരിപ്പാടുള്ള ക്വാറന്റൈൻ കേന്ദ്രത്തിലേക്കു മാറ്റാൻ നിർദ്ദേശിച്ചു. ഇതിനായി ആംബുലൻസ് വരാൻ താമസിച്ചതോടെ ആശുപത്രി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് പൂവരശൻ രക്ഷപ്പെടുകയായിരുന്നു. ബീഹാർ സ്വദേശിയെ ഹരിപ്പാട്ടെ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൂവരശനായി പൊലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും തെരച്ചിൽ തുടങ്ങി.