ഓടാൻ അനുവാദം പ്രതീക്ഷിച്ച് ആട്ടോറിക്ഷ തൊഴിലാളികൾ
ആലപ്പുഴ: ജില്ല ഗ്രീൻ സോണിലാണെങ്കിലും ആട്ടോറിക്ഷകൾക്കും ടാക്സികൾക്കും നിയന്ത്രണം തുടരുന്നത് മേഖലയിലെ അരലക്ഷത്തോളം തൊഴിലാളി കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.
ഒന്നിലധികം പേർ ഒരു വാഹനത്തിൽ തൊഴിലെടുക്കുന്നുണ്ട്. സ്വന്തമായി വാഹനം ഇല്ലാത്തവർ ദിവസ വാടകയ്ക്കാണ് ജോലി ചെയ്തിരുന്നത്.ഇന്ധന ചെലവ് കൂടാതെ പ്രതിദിനം 200 മുതൽ 350രൂപ വരെ വാഹന ഉടമയ്ക്ക് നൽകണം. ശരാശരി 800 രൂപയാണ് ആട്ടോറിക്ഷാ ഓടിയാൽ ദിവസം ലഭിക്കുന്നത്. 150 രൂപ ഇന്ധന ചെലവും വാടകയും കഴിച്ചാൽ 300 രൂപയാണ് ഒരു തൊഴിലാളിക്ക് വേതനമായി കിട്ടുന്നത്. പ്രതിദിനം ആട്ടോറിക്ഷാ ഓടിച്ചു കിട്ടുന്ന തുച്ഛമായ വരുമാനമാണ് തൊഴിലാളികളുടെ കടുംബത്തിന്റെ വരുമാന മാർഗം. മാർച്ച് 23ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് ആട്ടോറിക്ഷകളും ടാക്സികളും സർവീസുകൾ പൂർണ്ണമായി നിറുത്തുകയായിരുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചെങ്കിലും ഈ മേഖലയിൽ മാത്രം അയവുണ്ടായില്ല. സർക്കാർ പ്രഖ്യാപിച്ച ക്ഷേമനിധി ആനുകൂല്യവും ഭൂരിഭാഗം തൊഴിലാളികൾക്കും കിട്ടിയില്ല. അംശാദയ കുടിശികയുള്ളവർക്കും മിനിമം 5000 രൂപ ക്ഷേമനിധിയിൽ അടയ്ക്കാത്തവർക്കും 1000 രൂപയുടെ ആനുകൂല്യം നിഷേധിച്ചത് ഇരുട്ടടിയായി. വാഹനങ്ങൾ വാങ്ങാൻ എടുത്ത വായ്പ സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടയ്ക്കാൻ കഴിയാതെ ബുദ്ധിമുട്ടിലാണ് ഉടമകൾ. സാധാരണക്കാരന്റെ യാത്രാ വാഹനം നിരത്തിലിറങ്ങാനുള്ള അനുമതി ഇല്ലാത്തത് ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നു.
നല്ല ഓട്ടം ലഭിക്കുന്ന അവധിക്കാലമാണ് ലോക്ക് ഡൗൺ നിയന്ത്രണം മൂലം നഷ്ടമാകുന്നത്. ടാക്സി മേഖലയിൽ നേരിയ ഇളവ് പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾ പട്ടിണിയിലാണ്. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇല്ലാത്തത് മേഖലയെ തളർത്തിയിട്ടുണ്ട്. രണ്ടിൽ അധികം യാത്രക്കാരെ ടാക്സിയിൽ കൊണ്ടുപോകരുതെന്ന നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിക്കുന്നു.
.................................
25,000: ജില്ലയിലെ ആട്ടോറിക്ഷകൾ
9600: ടാക്സികൾ
..................................
സംസ്ഥാന സർക്കാരും ജനപ്രതിനിധികളും കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി നിയന്ത്രിത ഇളവിൽ ആട്ടോറിക്ഷാ, ടാക്സി മേഖലയെയും ഉൾപ്പെടുത്തണം. ക്ഷേമനിധിയിൽ നോക്കാതെ മുഴുവൻ തൊഴിലാളികൾക്കും 1000 രൂപയുടെ സഹായം വിതരണം ചെയ്യണം
(തൊഴിലാളികൾ)