സ്വപ്നയുടെ ജീവിതം ഓട്ടിസം ബാധിച്ച കുട്ടികൾക്കു വേണ്ടി
ആലപ്പുഴ: അപ്രതീക്ഷിത വഴിത്തിരിവാണ് സ്വപ്നയുടെ ജീവിതയാത്രയിലുണ്ടായത്. മുപ്പതു വയസുകാരനായ മകൻ കണ്ണു എന്ന അയ്യപ്പൻ, 90 ശതമാനം ഭിന്നശേഷിക്കാരനെന്ന അരോഗ്യ സർട്ടിഫിക്കറ്റിനെ മറികടന്ന് സ്വന്തം കാര്യങ്ങൾ നോക്കാൻ പര്യാപ്തനായിരിക്കുന്നു. ഇതിന് പിന്നിൽ രണ്ടരനൂറ്റാണ്ടായി ഈ അമ്മ നടത്തിയ അന്വേഷണങ്ങളുടെ കഥയുണ്ട്. കണ്ണുവിനെ പോലെ നൂറുകണക്കിന് ഭിന്നശേഷിക്കാരുടെ മനസിൽ സന്തോഷത്തിരി തെളിയിക്കുന്ന അമ്മയാണിപ്പോൾ ഹരിപ്പാട് സ്വദേശിനി സ്വപ്ന വി.തമ്പി.
പനിയായി തുടങ്ങിയ അസ്വസ്ഥതകൾ രണ്ടു വയസുകാരൻ അയ്യപ്പനെ ഓട്ടിസത്തിലേക്ക് കൊണ്ടെത്തിച്ചപ്പോൾ സ്വപ്നയുടെ അന്വേഷണ യാത്രകൾ ആരംഭിക്കുകയായിരുന്നു. ആർമിയിൽ ഡോക്ടറായ ഭർത്താവ് അരുൺ നായർക്കൊപ്പം അസമിൽ താമസിക്കവേയാണ് 90കളുടെ തുടക്കത്തിൽ വ്യാപകമായ ജാപ്പനീസ് എൻസഫലൈറ്റിസ് എന്ന പകർച്ചവ്യാധി കുഞ്ഞിനെ ബാധിച്ചത്. ഏഴുദിവസത്തെ കോമയിൽ നിന്നുണർന്ന കണ്ണുവിന് പഴയ പ്രസരിപ്പ് നഷ്ടപ്പെട്ടിരുന്നു. ഓട്ടിസം തന്റെയും കുഞ്ഞിന്റെയും ജീവിതം നാല് ചുവരിനുള്ളിൽ ഒതുക്കുമെന്ന ആശങ്കയേക്കാളുപരി രോഗാവസ്ഥയിൽ നിന്ന് കരകയറാനുള്ള മാർഗം നിർദേശിക്കാൻ ആരുമുണ്ടായില്ല.
ലൈബ്രറികളിലെ ബുക്കുകൾ അരിച്ചുപെറുക്കി കുറച്ചു വിവരങ്ങൾ നേടി. ഡൽഹിയിലെ സ്പെഷ്യൽ സ്കൂളിൽ മകനെ ചേർത്തെങ്കിലും വേണ്ടത്ര സംരക്ഷണം കിട്ടുന്നില്ലെന്ന് മനസിലായതോടെ മാറ്റേണ്ടിവന്നു. ആ സമയത്താണ് മറ്റൊരു ഓട്ടിസം ബാധിതന്റെ അമ്മ മേരി ഗർവ ദില്ലിയിൽ പുതുതായി ആരംഭിക്കുന്ന സ്പെഷ്യൽ സ്കൂളിൽ ട്രെയിനറായി സ്വപ്നയെ ക്ഷണിച്ചത്. തുടർന്ന് ഓട്ടിസത്തെ കുറിച്ചുള്ള പഠനത്തിനായി സ്കോളർഷിപ്പോടെ അമേരിക്കയിലേക്ക് പോയി. കുഞ്ഞുങ്ങൾക്ക് വേണ്ടി എന്തുചെയ്യാം, എങ്ങനെ അവരെ പ്രാപ്തരാക്കാം... തിരിച്ചെത്തിയ സ്വപ്നയുടെ വാക്കുകൾ നിരവധി അമ്മമാർക്ക് ആശ്വാസമായി. കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ സ്വപ്നയുടെ ക്ലാസുകൾ തേടി വിളിയെത്തി. ഓട്ടിസം നാഷണൽ ട്രസ്റ്റ് മെമ്പറാണ് ഇപ്പോൾ. സമയം കണ്ടെത്തി പഠിച്ച് നാഗ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പെഷ്യൽ ബിഎഡും ഹൈദരാബാദിൽ നിന്ന് സ്പെഷ്യൽ എംഎഡും നേടി. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ നേടിക്കൊടുക്കുന്നതിനായി നിയമത്തിൽ ബിരുദവും സ്വന്തമാക്കി.
'സങ്കടവഴിയിലൂടെയാണ് ഞാൻ കടന്നു വന്നത്. ലഭിച്ച അറിവ് മറ്റ് അമ്മമാരിലേക്കും പകരുകയാണ്. ഓട്ടിസമുള്ള പല കുഞ്ഞുങ്ങളിലും കഴിവുകൾ ഒളിഞ്ഞുകിടപ്പുണ്ട്. സ്നേഹം പ്രകടിപ്പിച്ചും ഒപ്പം കളിച്ചും വേണം അവരെ സന്തോഷിപ്പിക്കാൻ'-സ്വപ്ന പറയുന്നു. 21 വയസ് വരെയാണ് സ്പെഷ്യൽ സ്കൂൾ വിദ്യാഭ്യാസം. ഓട്ടിസം ബാധിച്ച മുതിർന്നവർക്കുവേണ്ടി ഒരു ഗ്രൂപ്പ് ഹോമാണ് തന്റെ ലക്ഷ്യമെന്ന് സ്വപ്ന പറയുന്നു. റൊട്ടേഷൻ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം താമസിക്കണം. വിദഗ്ദ്ധ ട്രെയിനർമാർ പരിശീലനം നൽകും. പദ്ധതിയുടെ രൂപ രേഖ തയ്യാറാണ്. അയ്യപ്പനെ കൂടാതെ വിദ്യാർത്ഥിയായ അക്ഷര എന്ന മകളുമുണ്ട് സ്വപ്ന- അരുൺ ദമ്പതികൾക്ക്. ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിയുടെ ജ്യേഷ്ഠൻ പരേതനായ പി.വി. തമ്പി-വിജയലക്ഷ്മി ദമ്പതികളുടെ മകളാണ് സ്വപ്ന.