ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിലെ കുതിരപ്പന്തി വാടയ്ക്കൽ വടക്ക് 398-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ടി.കെ.എം.എം.യു.പി സ്‌കൂൾ, ശാഖയുടെ പോഷക സംഘടനകളായ മരണാനന്തര സഹായനിധി, എസ്.എൻ ട്രസ്റ്റ്, യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എല്ലാ കുടുംബങ്ങൾക്കും സ്‌കൂളിലെ കുട്ടികളുടെ കുടുംബാംഗങ്ങൾക്കും അരിവിതരണം നടത്തി. അമ്പലപ്പുഴ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസ് കുടുംബ യൂണിറ്റ് കൺവീനർ അമൃതവല്ലിക്ക് അരി നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് പി.കെ.ശ്രീദേവി സ്‌കൂളിലെ വിദ്യാർത്ഥികൾക്കുള്ള അരിയും ശാഖ പ്രസിഡന്റ് എം.എസ്. സുരേഷ് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും അരി കൈമാറി. മരണാനന്തര സഹായനിധി പ്രസിഡന്റ് അനിൽ ജോസഫ്, ശാഖ സെക്രട്ടറി പി.കെ.ബൈജു, എസ്.എൻ ട്രസ്റ്റ് പ്രസിഡന്റ് എം.പി.ദേവദാസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.