 വസൂരി മുതൽ കൊവിഡ് വരെ മൂന്ന് ലോകദുരന്തങ്ങൾക്ക് സാക്ഷിയായി പി.കെ. മേദിനി


ആലപ്പുഴ: ലോകം അനുഭവിച്ച മൂന്ന് മഹാമാരികൾ. ലോകത്തെ വിറപ്പിച്ച മൂന്ന് ദുരന്തങ്ങളെന്നും പറയാം. മൂന്നാമത്തേതിന്റെ ഒത്ത നടുവിലെന്നോ, അവസാനഘട്ടത്തിലെന്നോ പറയാനാവാത്ത നിലവിലെ അവസ്ഥയാണ് പരിതാപകരം. ഇതിനെല്ലാം ദൃക്സാക്ഷിയാവാൻ കഴിഞ്ഞത് ജീവിതത്തിൽ കിട്ടിയ അസുലഭ അവസരമെന്നോ, ദുർവിധിയെന്നോ വിശേഷിപ്പിക്കാനാവുന്നില്ല വിപ്ളവഗായിക പി.കെ. മേദിനിക്ക്. ആദ്യ രണ്ട് ഘട്ടങ്ങൾ തരണം ചെയ്ത കേരളം കൊവിഡ് എന്ന വൻ വിപത്തിനെയും ചെറുത്തു തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അനുഭവങ്ങളുടെ അറിവുള്ള മേദിനിച്ചേച്ചി.

'ഒരു രാത്രിയിൽ വീട്ടുമുറ്റത്ത് അമ്മയോടൊപ്പം നിൽക്കുമ്പോൾ വസൂരി ബാധിച്ചയാളെ പായയിൽ കെട്ടിപ്പോതിഞ്ഞ് ഓലച്ചൂട്ടിന്റെ വെളിച്ചത്തിൽ ആളില്ലാത്ത പ്രദേശത്തേക്കു കൊണ്ടുപോകുന്നതു കണ്ടു. എനിക്കന്ന് 12 വയസായിരുന്നു. അമ്മയിൽ നിന്ന് വിവരം മനസിലാക്കി. ആൾപ്പാർപ്പില്ലാത്ത കൈതക്കാടുകളുടെയും മറ്റും ഭാഗത്തായി രോഗബാധിതരെ തള്ളുന്നത് ഇന്നും ഓർക്കുന്നു. ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങൾ മരിച്ചു വീണു. പിന്നീട് ശാസ്ത്രലോകവും ആരോഗ്യമേഖലയും ഒന്നിച്ച് കൈകോർത്തു. വസൂരി എവിടെയോ മറഞ്ഞു. കോളറ രാജ്യത്തു പടർന്നപ്പോൾ 20 വയസിന്റെ ചെറുപ്പത്തിലായിരുന്നു ഞാൻ. എട്ടു ലക്ഷം പേരാണ് മരിച്ചത്. കൊച്ചു കേരളത്തിലും മരണനിരക്ക് കുറവല്ലായിരുന്നു. എന്നാൽ നമ്മൂടെ കൂട്ടായ പരിശ്രമത്തിലൂടെ രോഗം നിയന്ത്രണ വിധയമാക്കാൻ കഴിഞ്ഞത് ഇന്നും ഓർക്കുന്നു. ഇപ്പോൾ വയസ് 88 ആയി. ലോകം ഇത്രത്തോളം വളർന്നിട്ടും കൊറോണയെന്നൊരു ചെറു വൈറസിന്റെ പിടിത്തത്തിൽ നിന്ന് നമുക്ക് മോചിതമാവാൻ കഴിയാത്തത് ആശങ്കാജനകമാണ്. ഇതിനെയും നമ്മൾ ചെറുത്ത് തോല്പിക്കുമെന്നതിൽ സംശയം വേണ്ട' - അനുഭവങ്ങളുടെ സാക്ഷ്യപത്രമെന്നോണം മേദിനി വിശദീകരിക്കുന്നു.

 വിപ്ളവം കൃഷിയിലേക്ക്

മണ്ണഞ്ചേരി മഠത്തിൽ പറമ്പിൽ വീട്ടിലെ 40 സെന്റിൽ കൃഷി സജീവമാക്കിയിരിക്കുകയാണ് മേദിനി. വാഴയും പാവയ്ക്കയും പപ്പായയും വെണ്ടയ്ക്കയും പയറും കോവയ്ക്കയുമെല്ലാം സുലഭം. വാർദ്ധക്യത്തിന്റെ അവശതകളൊന്നും കൃഷി പരിപാലനത്തിന് തടസമല്ല. കൃഷിയുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ നല്ല പാട്ട് കേൾക്കുമ്പോൾ ലഭിക്കുന്ന സുഖം കിട്ടും. പ്രകൃതിയും മനുഷ്യനും തമ്മിൽ അകലുന്നതിന്റെ സൂചനകളാണ് മഹാമാരികളെന്ന് മേദിനി പറയുന്നു

 അർത്ഥമറിയില്ല, ആഴവും

ദുരന്തങ്ങളെയെല്ലാം ജനങ്ങൾ ഒറ്റക്കെട്ടായി നേരിട്ടതുമൂലമാണ് ഇതുവരെ അതിജീവനം സാദ്ധ്യമായത്. മനുഷ്യബന്ധങ്ങളുടെ അർത്ഥവും ആഴവും പരസ്പരം മനസിലാക്കാൻ കഴിയാത്ത അവസ്ഥയ്ക്ക് മാറ്റമുണ്ടാവണം. തൊട്ടടുത്ത് താമസിക്കുന്നവരെ പോലും പലർക്കും അറിയില്ല. പണ്ട് ഓണത്തിനും വിഷുവിനും പെരുന്നാളിനും ക്രിസ്മസിനുമെല്ലാം ഉണ്ടാക്കുന്ന വിഭവങ്ങൾ അയൽക്കാർ പരസ്പ്പരം കൈമാറുമായിരുന്നു. രോഗബാധിതരുടെ വീടുകൾ സന്ദർശിക്കരുത് എന്നാണ് അന്ന് പറഞ്ഞിരുന്നത്. ഇന്ന്, സാമൂഹിക അകലം പാലിക്കണം എന്നുപറയുന്നു. സർക്കാർ നിർദേശം പാലിച്ചും പരസ്പ്പരം സ്‌നേഹിച്ചും കൊവിഡിനെ നേരിടാനാകുമെന്നും മേദിനി പറഞ്ഞു.