 കൊവിഡ് മാനദണ്ഡങ്ങൾക്ക് എതിരെന്ന് പരാതി

ആലപ്പുഴ: പരീക്ഷകൾ പൂർത്തിയാകുന്നതിന് മുമ്പ് ലോക്ക് ഡൗൺ കാലയളവിൽ ഹയർ സെക്കൻഡറി പരീക്ഷാ പേപ്പറുകളുടെ മൂല്യ നിർണ്ണയം ആരംഭിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ അദ്ധ്യാപകർ രംഗത്ത്.

മേയ് 13ന് മൂല്യ നിർണയം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. എന്നാൽ കേന്ദ്രങ്ങളിൽ സാമൂഹിക അകലം പാലിക്കാനാവില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. ഇരുന്നൂറിലധികം അദ്ധ്യാപകർ പല ഗ്രൂപ്പുകളായിരുന്നാണ് പേപ്പറുകൾ പരിശോധിക്കുന്നത്. ഓരോ ചീഫ് അദ്ധ്യാപകന് കീഴിലും അഞ്ച് അദ്ധ്യാപകരുണ്ടാവും. കളക്ഷൻ സെന്ററിൽ നാല് അദ്ധ്യാപകരാണുള്ളത്. ഒരു ഉത്തരക്കടലാസ് പത്ത് അദ്ധ്യാപകരുടെ കൈകളിലെത്തും. ഒരു ജില്ലയിൽ നിന്നുള്ള അദ്ധ്യാപകരാണ് കിലോമീറ്ററുകൾ യാത്ര ചെയ്ത് ജില്ലാതല മൂല്യ നിർണയ കേന്ദ്രങ്ങളിലെത്തേണ്ടത്. പല ജില്ലകളിലും ലോക്ക് ഡൗണിൽ പെട്ടുപോയ അദ്ധ്യാപകരുണ്ട്. പൊതുഗതാഗത സംവിധാനമില്ലാത്തതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുവർക്ക് ലോക്ക് ഡൗൺ കാലത്തെ യാത്ര ദുഷകരമാണ്. എസ്.എസ്.എൽ.സി മൂല്യ നിർണയം ലോക്ക് ഡൗണിന് ശേഷം നടത്താനാണ് പുതിയ തീരുമാനം.

സി.ബി.എസ്.ഇ പരീക്ഷകൾ ജൂലായിലാണ് ആരംഭിക്കുന്നത്. ഡിഗ്രി മൂല്യ നി‌‌ർണയം ജൂൺ 8ന് ശേഷമേ ആരംഭിക്കൂ. ഹയർ സെക്കൻഡറിയുടെ മൂല്യ നിർണയം മാത്രം നടത്തേണ്ട അടിയന്തര സാഹചര്യമില്ല. പല ജില്ലകളിലും വാല്യുവേഷൻ കേന്ദ്രങ്ങൾ റെഡ് സ്പോട്ടിലാണ്. പറ്റുന്നവർ മാത്രം മൂല്യ നിർണയത്തിന് എത്തിയാൽ മതിയെന്ന നിർദ്ദേശം യഥാർത്ഥത്തിൽ മൂല്യനിർണ്ണയം അവതാളത്തിലാക്കുമെന്നും അദ്ധ്യാപകർ പറയുന്നു. മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ ജീവനക്കാരെ ഒഴിവാക്കി അദ്ധ്യാപകരെ റേഷൻ കടകളിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത് തങ്ങളോട് ചെയ്ത ദ്രോഹമാണെന്നും ഒരു വിഭാഗം അദ്ധ്യാപകർ ആരോപിക്കുന്നു.

......................................

 106: ഹയർ സെക്കൻഡറി (പ്ലസ് വൺ, പ്ലസ് ടു) ആകെ വിഷയങ്ങൾ

.....................................

മറ്റ് വിഭാഗങ്ങളിലെ മൂല്യ നിർണയം മാറ്റിവെയ്ക്കുമ്പോഴും ഹയർസെക്കൻഡറിയുടേത് മാത്രമായി നടത്തേണ്ട സാഹചര്യം മനസിലാവുന്നില്ല. വിദേശത്ത് നിന്നെത്തിയ കുടംബാംഗങ്ങളുള്ള അദ്ധ്യാപകരുൾപ്പെടെയാണ് മൂല്യ നിർണയത്തിന് എത്തേണ്ടത്. ലോക്ക് ഡൗൺ അവസാനിക്കും മുമ്പ് ധൃതി പിടിച്ച് നടപടികൾ എടുക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്

( എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ)