 ഇന്ത്യൻ നിർമ്മിത അസംസ്കൃത വസ്തുക്കൾക്ക് ക്ഷാമം

ആലപ്പുഴ: മഴയിങ്ങെത്തിയാലും മലയാളക്കര ഇക്കുറി പുത്തൻകുട ചൂടാൻ വൈകും. തുണി ഉൾപ്പെടെയുള്ള ഇറക്കുമതി സാധനങ്ങൾ സ്റ്റോക്കുണ്ടെങ്കിലും ഇന്ത്യൻ നിർമ്മിത അസംസ്കൃത വസ്തുക്കളുടെ ക്ഷാമമാണ് കേരളത്തിലെ നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ സമ്പൂർണ്ണമായി പിൻവലിക്കപ്പെട്ട് എല്ലാം നേരെയായാൽ മാത്രമേ കുട വ്യവസായം പച്ചതൊടുകയുള്ളൂ.

തായ് വാനിൽ നിന്നാണ് തുണി പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. സീസൺ മുൻകൂട്ടി കണ്ട് കമ്പനികളെല്ലാം ഇത്തരം ഇറക്കുമതി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ വർഷവും കുടകളിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിച്ചാണ് വിപണിയിലെ മത്സരം. ഈ വർഷം ഇതുവരെ യാതൊരു ആശയവും രൂപീകരിക്കാനായില്ലെന്ന് പ്രമുഖ കുടനിർമ്മാതാക്കൾ വ്യക്തമാക്കി. അദ്ധ്യയന വർഷാരംഭം നീളുന്നതിലാണ് കുട വിപണിയുടെ പ്രതീക്ഷ.

ജൂൺ, ജൂലായ് മാസങ്ങളിൽ നഷ്ടപ്പെടുന്ന കച്ചവടം ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴയിൽ തിരിച്ചുപിടിക്കാൻ സാധിക്കും. മാർക്കറ്റിംഗിനെക്കാളുപരി ഉത്പാദനമാണ് പ്രധാന പ്രതിസന്ധി. ഫാക്ടറികൾ സജ്ജമാകുന്നതോടെ പിടിയിൽ സാനിട്ടൈസറും, കുടയുടെ കളറിന് ചേരുന്ന മാസ്കുകളും പുറത്തിറങ്ങിയേക്കാം!

....................................................

 കമ്പിയിൽ തുണി തുന്നുന്നതും പിടി ഉറപ്പിക്കുന്നതും കുടിൽ വ്യവസായത്തിന്റെ ഭാഗം

 സൂക്ഷ്മ പരിശോധനകളും പുത്തൻ ആശയങ്ങളുടെ ആവിഷ്കരണവു ഫാക്ടറിയിൽ

 ആലപ്പുഴയിലെ പ്രമുഖ കമ്പനി സീസണിൽ പുറത്തിറക്കിയിരുന്നത് 18 ലക്ഷം കുടകൾ

 ഇക്കുറി 10 ലക്ഷം പോലുമെത്തില്ലെന്ന് നിർമ്മാതാക്കൾ

 ഉത്പാദനം നടക്കുന്നത് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ

...................................

# മഹാ 'മാരി' കുട

സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രസക്തി വിളിച്ചോതി തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ഒരുക്കിയ പ്രചാരണ പരിപാടിയിൽ താരമായതും കുടകളാണ്. കുടംബശ്രീ തയ്യാറാക്കുന്ന 'മാരി' കുടകളാണ് എല്ലാ കുടംബങ്ങൾക്കും പഞ്ചായത്ത് വിതരണം ചെയ്തത്. വീടിന് പുറത്തിറങ്ങുന്നവർ കുട ചൂടി സാമൂഹിക അകലം പാലിക്കുക എന്നതാണ് ലക്ഷ്യം. ഈ വർഷം വിപണിയിൽ രണ്ട് ലക്ഷം കുടകൾ ഇറക്കാനായിരുന്നു കുടുംബശ്രീ പദ്ധിതയിട്ടിരുന്നതെങ്കിലും ലോക്ക് ഡൗണിൽ നിർമ്മാണം പ്രതിസന്ധിയിലായി. സാമൂഹിക അകലത്തിന് കുട എന്ന കാമ്പയിൻ പ്രചരിച്ചതോടെ കുടകൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഓർഡർ ലഭിക്കുന്നതായി മാരി മാനേജിംഗ് ഡയറക്ടർ പി.കെ.മണി പറയുന്നു.

# കുടയും ആലപ്പുഴയും

ആലപ്പുഴയുടെ കനാലോരങ്ങളിലാണ് കുടക്കമ്പനികൾ തഴച്ചു വളർന്നത്. തയ്യിൽ എബ്രഹാം വർഗീസ് എന്ന കുട വാവച്ചൻ തുടങ്ങിയ 'സെന്റ് ജോർജ് ' കുടയാണ് തുടക്കം. സൂര്യമാർക്കും സെന്റ് ജോർജും കൊളംബോയുമൊക്കെയായിരുന്നു ആദ്യകാല താരങ്ങൾ. പോപ്പിയും ജോൺസുമാണ് അരങ്ങുവാഴുന്ന ആലപ്പുഴക്കാർ.

........................

ഇന്ത്യൻ നിർമ്മിത അസംസ്കൃത വസ്തുക്കൾ അതിർത്തി കടന്ന് എത്താത്തതാണ് നിലവിലെ പ്രതിസന്ധി. സാധാരണ ഏപ്രിൽ മാസത്തോടെ ആവശ്യത്തിന് കുടകൾ തയ്യാറാകുന്നതാണ്. ആഗസ്റ്റ്-സെപ്തംബർ മാസങ്ങളിലെ മഴക്കാലത്താണ് ഇത്തവണ പ്രധാന വിപണി പ്രതീക്ഷിക്കുന്നത്

(ജോപ്പു തയ്യിൽ, ഉടമ, ജോൺസ് അംബ്രല്ലാ മാർട്ട്)