hxhx

ഹരിപ്പാട്: പത്തനാപുരം ഗാന്ധിഭവൻ ശാഖയായി ഹരിപ്പാട് ആയാപറമ്പ് പ്രവർത്തിക്കുന്ന ഗാന്ധിഭവൻ സ്നേഹവീട്ടിലെ 24 ഓളം അന്തേവാസികൾ അവരുടെ ചെറു സമ്പാദ്യങ്ങൾ വിനിയോഗിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലാണ്.

ചെറുതന ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡിലും പരിസരപ്രദേശങ്ങളിലും മാസ്കുകൾ തയ്ച്ചു വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. രണ്ടായിരത്തോളം മാസ്കുകളാണ് ലക്ഷ്യം. ഗാന്ധിഭവൻ സ്നേഹവീട്ടിൽ ഒഴിവുസമയങ്ങളിൽ ചെയ്യുന്ന തൊഴിൽ പരിശീലനങ്ങളുടെ ഭാഗമായി സോപ്പുപൊടി നിർമ്മാണം, എൻവലപ്പ് കവർ നിർമ്മാണം, പഴയ സാരികൾ കൊണ്ടുള്ള ചവിട്ടി നിർമ്മാണം എന്നിവയിലൂടെ ലഭിച്ച സമ്പാദ്യങ്ങൾ ആണ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. അന്തേവാസികൾ ആഗ്രഹം പറഞ്ഞതനുസരിച്ച് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജന്റെ നിർദ്ദേശപ്രകാരമാണ് മാസ്ക് നിർമ്മാണം ആരംഭിച്ചത്.

ഹരിപ്പാടും പരിസരപ്രദേശങ്ങളിലും തെരുവിൽ അലഞ്ഞവർക്ക് നഗരസഭ സംരക്ഷണം ഒരുക്കിയപ്പോൾ അവർക്ക് അവശ്യസാധനങ്ങൾ എത്തിച്ചത് ഗാന്ധിഭവൻ സ്നേഹവീട്ടിലെ അന്തേവാസികളാണ്. പ്രതിസന്ധിഘട്ടത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന തയ്യൽ തൊഴിലാളികൾക്ക് ഒരു മാസ്കിന് മൂന്നു രൂപ നിരക്കിൽ നൽകിയാണ് മാസ്ക് നിർമ്മിക്കുന്നത്. ഗാന്ധിഭവനിലെ അന്തേവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന സ്നേഹവീട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് മാസ്കുകൾ വിതരണം ചെയ്യുന്നത്. ഗാന്ധിഭവൻ സ്നേഹവീട് നിൽക്കുന്ന വാർഡിലെ വീടുകളിലും ചെറുതന ഗ്രാമ പഞ്ചായത്ത് പരിധിയിലെ സർക്കാർ സ്ഥാപനങ്ങൾ,ബാങ്കുകൾ,മറ്റ് സ്വകാര്യ സ്ഥാപനങ്ങൾ,പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും മാസ്കുകൾ വിതരണം ചെയ്യുമെന്ന് ഗാന്ധിഭവൻ സ്നേഹവീട് ഡയറക്ടർ ഡോ. മുഹമ്മദ് ഷമീർ പറഞ്ഞു.